കൂത്താട്ടുകുളം നഗരസഭാ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പരസ്യ ബാനറുകളും നഗരസഭാ അധികൃതർ നീക്കം ചെയ്യുന്നു.
കൂത്താട്ടുകുളം: നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും പരസ്യ ബാനറുകളും നഗരസഭാ അധികൃതർ നീക്കം ചെയ്തു. ടൗൺ സൗന്ദര്യവൽകരണത്തിന്റെ ഭാഗമായും കാൽനട, വാഹന യാത്രക്കാർക്ക് തടസമുണ്ടാക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ഒഴിവാക്കുന്നതിനുമായി നൽകിയിരുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് സ്ഥാപിച്ച ബോർഡുകളാണ് നീക്കം ചെയ്തത്.
ടൗണിലും പ്രധാന ജംഗ്ഷനുകളിലും പാതയോരങ്ങളിലും അനുമതിയില്ലാതെ ഫ്ളക്സുകളും ബാനറുകളും പ്രദർശിപ്പിക്കരുതെന്ന് നഗരസഭ നേരത്തെ കർശന നിർദേശം നൽകിയിരുന്നു. ഫ്ളക്സ് ബോർഡുകളും പരസ്യ ബാനറുകളും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്.
നഗരസഭയുടെ ഉത്തരവ് ലംഘിച്ച് ബോർഡുകൾ സ്ഥാപിച്ച ഉടമകളിൽ നിന്ന് കനത്ത തുക പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനുമതിയില്ലാതെ വീണ്ടും ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.