ഓള് കേരള കേറ്ററിംഗ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഏറ്റുമാനൂര്‍ കെഎന്‍ബി കണ്വന്ഷന് സെന്ററില്‍ നടത്തി
ഏറ്റുമാനൂർ: തികച്ചും വ്യത്യസ്തമായ ഒരു മത്സരം. മത്സര ഇനങ്ങൾ ചിക്കൻ ബിരിയാണി, വെജിറ്റബിൾ സാൻവിച്ച്, വെജിറ്റബിൾ സാലഡ്. മത്സരിക്കുന്നത് പാചക മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കാറ്ററിംഗ് ഗ്രൂപ്പുകൾ.
ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള കെഎൻബി കൺവൻഷൻ സെന്ററിലാണ് കാറ്ററിംഗ് മേഖലയിലെ വമ്പന്മാർ തങ്ങളുടെ പാചക രഹസ്യങ്ങൾ ഒളിപ്പിച്ച ഇഷ്ട വിഭവങ്ങളുമായി മാറ്റുരയ്ക്കാൻ എത്തിയത്.
28, 29 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സൂപ്പർ ഷെഫ് -2026 മത്സരം നടത്തിയത്. ഒരു ജില്ലയിൽനിന്ന് ഒരു ടീം എന്ന നിലയിൽ 14 ടീമുകളാണ് തങ്ങളുടെ അഭിമാന വിഭവങ്ങളുമായി എത്തിയത്. ഒരു ടീമിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ അവർ ചിക്കൻ ബിരിയാണിയും വെജിറ്റബിൾ സാൻവിച്ചും വെജിറ്റബിൾ സാലഡും തയാറാക്കി.
വിധികർത്താക്കൾ മുഴുവൻ വിഭവങ്ങളും രുചിച്ചറിഞ്ഞ് വിധിയെഴുതി. 28ന് സംസ്ഥാന സമ്മേളന വേദിയിൽ വിജയികളെ പ്രഖ്യാപിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ ടീമുകൾക്ക് സമ്മാനങ്ങൾ നൽകും.
ഇതിനു പുറമേ ഓരോ വിഭവത്തിനും പ്രത്യേക സമ്മാനങ്ങളും നൽകും.