വാക്കത്തണിന്റെ ഫ്ലാഗ് ഓഫ് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ എസ്.ഷാജി നിര്‍വഹിക്കുന്നു.
കൊല്ലം: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും സംഘടിപ്പിച്ചു വരുന്ന വിദ്യാര്‍ഥികളുടെ വാക്കത്തണ്‍ കൊല്ലം നഗരത്തില്‍ നടന്നു.
പുളിമൂട്ടില്‍ ജംഗ്ഷനില്‍നിന്നാരംഭിച്ച വാക്കത്തോണ്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ എസ്. ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം.നൂര്‍ദീന്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 21 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി 1300 ലേറെ വിദ്യാർഥികളുടെ വാക്കത്തണിന്റെ ഭാഗമായി.
ആല്‍ഫ കൊല്ലം സെന്റര്‍ ട്രഷറര്‍ ഡോ. അനിരുദ്ധന് ആമുഖപ്രഭാഷണം നടത്തി. ടികെഎം ട്രസ്റ്റ് മെംബര്‍ ഡോ. എം. ഹാറൂണ്‍ മുഖ്യാതിഥിയായിരുന്നു.
ആശ്രാമം നീലാംബരി ഓഡിറ്റോറിയത്തില്‍ കാരുണ്യമുള്ള യുവത എന്ന വിഷയത്തിലെ സെമിനാര്‍ ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ കൊല്ലം സെന്റര്‍ പ്രസിഡന്റ് പ്രഫ. ലിസമ്മ പഞ്ഞിക്കാരന്‍, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, കൊട്ടിയം ഡോണ്‍ബോസ്കോ കോളജ് അധ്യാപകന് ഫാ. ജോബി മാത്യു, സ്നേഹതീരം സ്ഥാപക സിസ്റ്റര്‍ റോസ്ലിന് ചിറയില്‍, ആല്‍ഫ കൊല്ലം സെന്റര്‍ സെക്രട്ടറി അജോയ് ജോസ്, പുനലൂര്‍ സെന്റര്‍ സെക്രട്ടറി സലീംകുട്ടി, എസ്.എ.പി.സി. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ആല്‍ഫ വിഷന്‍ 2030 സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ നന്ദി പറഞ്ഞു.