പ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: നാടൊട്ടുക്കും കൊടും ചൂട് കൊടുന്പിരി കൊള്ളുന്ന ഈ സാഹചര്യത്തിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. ദാഹമകറ്റാൻ നാരങ്ങാ വെള്ളം കുടിക്കാമെന്ന് കരുതിയാൽ പോക്കറ്റ് കീറുന്ന അവസ്ഥയാണ്. വിപണിയിൽ ചെറുനാരങ്ങയ്ക്ക് വൻ വിലക്കയറ്റമാണ് രേഖപ്പെടുത്തുന്നത്. കിലോയ്ക്ക് 250 മുതൽ 300 രൂപയാണ് നിലവിലെ വില. പഞ്ചസാരയുടെ വിലയും ഗണ്യമായി ഉയർന്നു. സാധാരണക്കാരെയാണ് വിലക്കയറ്റം സാരമായി ബാധിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പ്രധാനമായും നീലഗിരിയിലേക്ക് ചെറുനാരങ്ങ എത്തുന്നത്. അവിടെ ഉത്പാതനത്തിൽ വലിയ കുറവുണ്ടായതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. അതേസമയം നാരങ്ങയ്ക്ക് തീവില ആയതോടെ ദാഹമകറ്റാൻ നെല്ലിക്കയിലും ഇരുന്പൻ പുളിയിലുമാണ് പലരും അഭയം കണ്ടെത്തുന്നത്.