വ്യാപാരികൾ പ്രതിഷേധിച്ചപ്പോൾ.
സുൽത്താൻ ബത്തേരി: അപ്രതീക്ഷിതമായ വൈദ്യുതി മുടക്കവും വൈദ്യുതി നിയന്ത്രണവും വ്യാപാരവ്യവസായ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി ആരോപിച്ച് വ്യാപാരികൾ പ്രതിഷേധിച്ചു.
ബത്തേരി വ്യാപാര വ്യവസായ സമിതി ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ ട്രഷറർ എം.എസ്. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
വൈകുന്നേരങ്ങളിലും തിരക്കേറിയ വ്യാപാര സമയങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് വ്യാപാരികൾക്ക് വലിയ സാന്പത്തിക നഷ്ടവും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി സമിതി ഭാരവാഹികൾ പറഞ്ഞു.
വൈദ്യുതി നിയന്ത്രണത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ശശികുമാർ അത്തോളി, ഇ.എസ്. പ്രമോദ്, ഉനൈസ് കല്ലൂർ, പി.കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.