സെയ്ദലി
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കല്‍പ്പിച്ച എട്ടംഗസംഘത്തിലെ ഒരാളെ വട്ടിയൂര്‍ക്കാവ് എസ്ഐ ആര്.എസ്. വിപിന്‍, എസ് ഐ ദിനേഷ്, എസ്സിപിഒ മുജീബ്, സിപിഒ ഷിബു എന്നിവര്‍ ചേര്‍ന്നു പിടികൂടി. മുട്ടത്തറ സ്വദേശി സെയ്ദലി (35) ആണ് മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ബാക്കിയുള്ള ഏഴുപേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിളപ്പില്‍ പള്ളിമുക്ക് അന്‍സ് മന്‍സിലില്‍ അന്സുമോനെ (39) യാണ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.
ഓഗസ്റ്റ് 27ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കേസിന് ആസ്പദമായ സംഭവം. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സരസ്വതി വിദ്യാലയത്തിന്റെ സമീപത്തുകൂടി കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്സുമോനെ ബൈക്കിലെത്തിയ എട്ടാംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും അൻസുമോനെ അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. ചെറുത്തുനിന്ന അന്സുമോന്റെ വലതു കൈവെള്ളയ്ക്ക് സാരമായി പരിക്കേറ്റു.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ സബീര്‍, ഷഫീഖ്, റിയാസ്, റിയാസിന്റെപിതാവ്, അഫ്സല്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്. സാരമായി പരിക്കേറ്റ അന്സുമോന് ചികിത്സ തേടി. ഇയാള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്ദലി മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.