ഹരിപ്പാട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി വൈകിയും ഡോക്ടറെ കാണാനായി കാത്തുനിൽക്കുന്ന രോഗികൾ.
ഹരിപ്പാട്: രാത്രികാലങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ദുരിതമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ്. ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ സേവനത്തിനുള്ളത് ഒരൊറ്റ ഡോക്ടർ മാത്രമാണ്. രാത്രി വൈകിയും സ്ത്രീകളും കുട്ടികളുമടക്കമുള്ള രോഗികൾ ഡോക്ടറെ കാണാൻ അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തുനിൽക്കേണ്ട ദുരവസ്ഥയാണ്.
കഴിഞ്ഞദിവസം അർധരാത്രിയോടടുത്ത് 11 മണിക്കും ഒട്ടേറെപ്പേരാണ് ഇവിടെ പരിശോധനയ്ക്കായി ക്യൂവിലുണ്ടായിരുന്നത്. മണിക്കൂറുകളോളം വരിനിൽക്കുന്ന സാധാരണ രോഗികളെ മറികടന്ന് ചിലർ പിൻവാതിലിലൂടെ ഡോക്ടറുടെ മുറിയിലേക്ക് കയറാൻ ശ്രമിക്കുന്നത് ആശുപത്രിയിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ക്രമപ്രകാരം ടിക്കറ്റെടുത്ത് കാത്തുനിൽക്കുന്നവർ പിന്നോട്ട് തള്ളപ്പെടുകയും സ്വാധീനമുപയോഗിച്ചും അല്ലാതെയും പിൻവാതിലിലൂടെ എത്തുന്നവർ മുൻഗണന നേടുകയും ചെയ്യുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും തമ്മിൽ വാക്കുതർക്കം പതിവാണ്. തർക്കം രൂക്ഷമാകുമ്പോൾ സുരക്ഷാ ജീവനക്കാർ എത്തിയാണ് പലപ്പോഴും രംഗം ശാന്തമാക്കുന്നത്.
ദേശീയപാതയോട് ചേർന്നുനിൽക്കുന്ന പ്രധാന ആശുപത്രിയായതിനാൽ രാത്രിയിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റ് എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഇത്തരം അടിയന്തര കേസുകൾ വരുമ്പോൾ ഡ്യൂട്ടിയിലുള്ള ഏക ഡോക്ടർ അവരുടെ പരിചരണത്തിലേക്ക് മാറേണ്ടിവരുന്നു. ഇതോടെ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി എത്തുന്ന സാധാരണ രോഗികളുടെ പരിശോധന പൂർണമായും നിലയ്ക്കും. പലപ്പോഴും മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് രോഗികൾക്ക് പ്രാഥമിക പരിശോധന പോലും സാധ്യമാകുന്നത്. ഇടയ്ക്കിടെ ഹൗസ് സർജൻമാരുടെ സേവനം ഉണ്ടാകാറുണ്ടെങ്കിലും ഇവരുടെ സാന്നിധ്യം കാഷ്വൽറ്റിയിൽ കൃത്യമല്ലെന്ന് രോഗികൾ പറയുന്നു.
അല്ലാത്ത സമയങ്ങളിൽ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുന്നത്. ഇത് ഡ്യൂട്ടി ഡോക്ടറുടെ ജോലിഭാരം വർധിപ്പിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനും തടസമാകുന്നു. രാത്രികാലങ്ങളിൽ കാഷ്വൽറ്റിയിൽ കൂടുതൽ ഡോക്ടർമാരെയും സഹായ ജീവനക്കാരെയും നിയമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : NattuVishesham DistrictNews