മാവേലിക്കര: എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ ഡ്രൈവിന്റെയും ഭാഗമായി മാവേലിക്കര എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ ഐബിയും ചേർന്ന് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശിയെ മാവേലിക്കരയിൽനിന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ, മാൾട്ട പുകരിയയിൽ താമസക്കാരനായ എസ്.കെ. മുഷ്തക്കിം(28) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 24.115 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെത്തുടർന്ന് മാവേലിക്കര പുതിയകാവ് പാലത്തിനു സമീപം എക്സൈസ് സംഘം പരിശോധന നടത്തി വരവെയാണ് ബ്രൗൺ ഷുഗർ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന ഇയാൾ പിടിയിലായത്. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഐബിയും ചേർന്നാണ് പരിശോധന നടത്തിയത്.
സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ മാവേലിക്കര സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. ഹാരിസ്, പ്രിവന്റീവ് ഓഫീസർമാരായ ബി. സുനിൽകുമാർ, ബി.പ്രവീൺ, യു. അനു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീഷ് പി. നായർ, രജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Operation Thunder Bengali national arrested