സുൽത്താൻ ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.
കുടുംബമായി വാടകയ്ക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പോലീസ് പിടികൂടി. പള്ളിക്കണ്ടി സ്വദേശി മൂർഖൻ വീട്ടിൽ ഇസഹാഖ് (48) താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തത്.
വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇയാളുടെ കെഎൽ 73 എഫ് 3102 നന്പർ കാറിൽ നിന്നും ഒരു ചാക്ക് പുകയില ഉത്പന്നം കണ്ടെടുത്തു.
ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മുൻപും സമാന കേസുകളിൽ പ്രതിയാണ്. സമീപ പ്രദേശങ്ങളിലും മറ്റും കുട്ടികളടക്കമുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നയാളാണ്.
സംഭവമറിഞ്ഞ് ഒളിവിൽ പോയ ഇസ്ഹാഖിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ എസ്ഐ മാരായ ജസ്വിൻ ജോയി, ജയപ്രകാശ്, കെ. ശ്രീധു, അനന്തു, എഎസ്ഐ ശ്യാംലാൽ, സിപിഒമാരായ ഗവാൻ, സതീഷ്, ഡാൻസാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. ജൂണ്‍ ഒന്നു മുതൽ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം പതിനൊന്ന് കേസുകളാണ് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്തത്.