കാസര്‍ഗോഡ്: ജില്ലയില്‍ ലഹരി മാഫിയക്കെതിരേ പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാന് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ബദിയഡുക്ക, കുമ്പള, ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ ദിവസം നടത്തിയ മൂന്ന് വെവ്വേറെ റെയ്ഡുകളിലായി ആകെ 44.06 ഗ്രാം എംഡിഎംഎയും ലഹരി വില്പന പണവും വാഹനങ്ങളും ഡിജിറ്റല്‍ ത്രാസുകളും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചെ ബദിയടുക്ക എസ്ഐ ടി. രൂപേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ റെയ്ഡ് നടന്നത്. ബദിയഡുക്ക-മുള്ളേരിയ റോഡിലെ എമിറേറ്റ്സ് കാര്‍ വാഷ് സ്ഥാപനത്തിന് സമീപം ബൈക്കില്‍ നില്‍ക്കുകയായിരുന്ന പുത്തിഗെ എടനാട് സ്വദേശിയായ എ. മുഹമ്മദ് ഹനീഫിനെ (37) പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി.
ആദൂര്‍ ഇന്‍സ്പെക്ടര്‍ ആര്.സി. ബിജു ഗസറ്റഡ് ഓഫീസറുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ പ്രതിയുടെ പോക്കറ്റില്‍ നിന്നും 28.99 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. ലഹരി വില്പനയിലൂടെ ലഭിച്ച 29,500 രൂപയും കടത്താന്‍ ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരേ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ ബദിയടുക്ക, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്.
കുമ്പള എസ്ഐ അനന്തകൃഷ്ണന് ആര്. മേനോന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ പരിശോധന നടന്നത്. എടനാട് ഗ്രാമത്തിലെ സീതാംഗോളി - ഉളിയത്തടുക്ക റോഡിലുള്ള കണ്ണൂര്‍ സ്ക്വയര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ നടത്തിയ റെയ്ഡിൽ കാസര്‍ഗോഡ് അംഗഡിമുഗര്‍ വില്ലേജില്‍ മുഗു റോഡ് ഉറുമിയിലെ ഷബീര്‍ അലി (45) പിടിയിലായി. ഇയാള്‍ നിയമവിരുദ്ധമായി വില്പനയ്ക്കായി സൂക്ഷിച്ച 11.97 ഗ്രാം കുമ്പള പോലീസ് സംഘം കണ്ടെത്തുകയും തൊണ്ടിമുതലുകള്‍ ബന്തവസിലെടുത്ത് പ്രതിക്കെതിരേ കുമ്പള പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പള്ളിക്കര കല്ലിങ്കല്‍ സ്വദേശിയും ഇപ്പോള്‍ പനയാല്‍ മൗവ്വലിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കെ. ഷാഹുല്‍ ഹമീദാ (31) ണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്നണടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും രാവിലെ ഒന്‍പതോടെയാണ് ഇവിടെ പരിശോധന നടത്തിയത്.
കിടപ്പുമുറിയിലെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു സിഗരറ്റ് പാക്കറ്റ് കണ്ടെത്തി. ഇതു തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ 3.1 ഗ്രാം എംഡിഎംഎയും ഒരു പൊട്ടിയ ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്ന് തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റല്‍ ത്രാസും പാക്ക് ചെയ്യാനുള്ള 50 ഓളം ചെറിയ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു.
പ്രതിക്കെതിരേ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബദിയടുക്കയിലും കുമ്പളയിലുമായി പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന വാണിജ്യ പരിധിയില്‍ പെടുന്നതാണ്. അറസ്റ്റിലായ പ്രതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചും ഇതിന്റെ പ്രധാന ഉറവിടങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : nattu vishesham Operation Toofan Shaktham