പീരുമേട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പീരുമേട് പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ അവബോധ പരിപാടി സംഘടിപ്പിച്ചു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം മരിയൻ കോളജിൽ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസും ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
അഡ്വ. സിറിയക് തോമസ് എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വലിയ വിപത്താണ് ലഹരി. അത് പൂർണമായും ഇല്ലാതാക്കണമെങ്കിൽ സർക്കാരും വിവിധ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നതുപോലെ തന്നെ സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർവരെ ലഹരിക്ക് എതിരെ പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.
പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 16, 17 തീയതികളിൽ പീരുമേട് സബ് ഡിവിഷനിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ലഹരിക്കെതിരേ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഷിബു കല്ലറയ്ക്കൽ പ്രത്യേക ല
ഹരിവിരുദ്ധ അവബോധ ക്ലാസ് നയിച്ചു.
പീരുമേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപീചന്ദ്രൻ ഒ.വി., സബ് ഇൻസ്പെക്ടർ വി.വിനീത്, കുട്ടിക്കാനം മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം ഞള്ളിയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേഷ്, ഡി. സുഗുണൻ, ഉമർ ഫറൂക്ക്, ഷീലാ രാജൻ, എൻ. തമ്പി എന്നിവർ പ്രസംഗിച്ചു.
Tags : Operation Toofan Narco Hunt Nattuvishesham District news