പീരുമേട്: ദേശീയപാത 183ൽ അമലഗിരിക്ക് സമീപം നിയന്ത്രണം വിട്ടകാർ 400 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്ത്, ജോയി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. മൂന്നാറിൽനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുംവഴിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന മാരുതി 800 ശനിയാഴ്ച വൈകുന്നേരം 4ന് പെരുവന്താനം അമലഗിരിക്ക് സമീപം മറ്റൊരു വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കൊക്കയിൽ പയർ വള്ളി മൂടിക്കിടന്നതിനാൽ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പെരുവന്താനം പോലിസും പീരുമേട് അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. യാത്രക്കാരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.