പനങ്ങാട്: പനങ്ങാട് മേഖലയിൽ വീണ്ടും കുട്ടി മോഷ്ടാക്കളുടെ ശല്യം. കടകളിലും മറ്റും കയറി പണവും സാധനങ്ങളും മോഷ്ടിച്ച് നാട്ടുകാർക്ക് തലവേദനയായ കുട്ടി മോഷ്ടാക്കൾ കഴിഞ്ഞ ദിവസം ഒരു ഇലക്ട്രിക് സ്കൂട്ടറും മോഷ്ടിച്ചു.
മാടവനയിൽ നിന്നും മോഷ്ടിച്ച ഇലക്ട്രിക് സ്കൂട്ടർ ചേപ്പനം ഭാഗത്തേയ്ക്ക് കൊണ്ടു വരുന്നതിനിടെ ബാറ്ററി ചാർജ് തീർന്നു പോകുകയായിരുന്നു. തുടർന്ന് ചാർജിംഗ് കേന്ദ്രത്തിലെത്തി സ്കൂട്ടർ ചാർജ് ചെയ്ത ശേഷം പനങ്ങാട് പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ അരൂർ ഭാഗത്തേയ്ക്ക് സ്കൂട്ടറിൽ പോകുന്നത് കണ്ടതിനെ തുടർന്ന് കുമ്പളം ടോൾ ഭാഗത്ത് വച്ച് പോലീസ് സഹായത്തോടെ കുട്ടി മോഷ്ടാക്കളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കുട്ടികളെന്ന ആനുകൂല്യത്തിൽ ഇവരെ പിന്നീട് വിട്ടയച്ചതായാണ് വിവരം. നിരന്തരം മോഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കുട്ടി മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടി അവരെ നേർവഴിക്ക് നയിക്കുന്നതിന് വേണ്ടുന്ന നടപടികൾ പനങ്ങാട് പോലീസ് സ്വീകരിക്കണമെന്ന് എഡ്രാക്ക് പനങ്ങാട് മേഖല ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam