സുല്‍ത്താന്‍ ബത്തേരി: വര്‍ഷാവര്‍ഷം വെള്ളംകയറുമ്പോള്‍ ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിക്കാര്‍ക്ക് അധികൃതര്‍ നല്കുന്ന വാക്ക് പാലിക്കപ്പെട്ടില്ല. ഇതോടെ ഉന്നതിയില്‍ വെള്ളംകയറിയതോടെ ഇത്തവണയും ക്യാമ്പിലേക്ക് മാറേണ്ടിവന്നു.
ഉന്നതിയിലെ ഒമ്പത് കുടുംബങ്ങളാണ് കല്ലിങ്കര ഗവ. യുപി സകൂളിലെ ക്യാമ്പിലേക്ക് മാറിയത്. കഴിഞ്ഞദിവസം ശക്തമായ മഴപെയ്തതോടെ ഉന്നതിക്ക് സമീപത്തെ വെള്ളച്ചാല്‍ തോട് കരകവിഞ്ഞ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് അധികൃതരെത്തി മാറ്റിയത്. 31പേരാണ് ക്യാമ്പില്‍ കഴിയുന്നത്. മുന്‍വര്‍ഷങ്ങളിലും മഴക്കാലങ്ങളില്‍ പലതവണ ഇവര്‍ക്ക് ക്യാമ്പിലേക്ക് മാറേണ്ടിവന്നിട്ടുണ്ട്.
ഇനി എത്രതവണ മാറേണ്ടിവരുമെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. പുനരധിവാസം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍വര്‍ഷം ഉന്നതിയില്‍ വെള്ളംകയറിയപ്പോള്‍ കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറാന്‍ ആദ്യം തയാറായിരുന്നില്ല. അന്നുതന്നെ ഇവര്‍ക്ക് ഈ മഴക്കാലമാകുമ്പോഴേക്കും സ്ഥലംകണ്ടെത്തി വീടുംവച്ച് പുനരധിവാസം ഉറപ്പാക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ അത് വാക്കായി മാത്രം അവസാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം വെള്ളംകയറിയപ്പോള്‍ ഉന്നതിയിലെ കുടുംബങ്ങള്‍ ആദ്യം ക്യാമ്പിലേക്ക് മാറാന്‍ കൂട്ടാക്കിയിരുന്നില്ല.
പിന്നീട് നെന്മേനി പഞ്ചായത്ത് അധികൃതരും പോലീസും റവന്യുവകുപ്പും ട്രൈബല്‍ വകുപ്പ് അധികാരികളും മണിക്കൂറുകളോളും സംസാരിച്ചതിന് ശേഷമാണ് കല്ലിങ്കര സ്കൂളിലേക്ക് കുടുംബങ്ങള്‍ മാറാന്‍ തയാറായത്. ഇനി വെള്ളമിറങ്ങിയാലും ഉന്നതിയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഉന്നതിക്കാര്‍. കഴിഞ്ഞതവണ തങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കപെടണമെന്ന ആവശ്യമാണ് ഉന്നതിക്കാര്‍ ഉന്നയിക്കുന്നത്.
Tags : Local News Nattuvishesham Wayanad