കഴക്കൂട്ടം: വീട് നിർമിച്ച് നൽകാമെന്നു വിശ്വസിപ്പിച്ചു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു വഞ്ചിച്ചതായി പരാതി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ സ്ഥാപനത്തിന്റെ ഭാരവാഹികൾക്കെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.
സ്ഥാപനത്തിന്റെ ഉടമകളായ ലിയോ ജോർജ്, കൃഷ്ണപ്രസാദ്, ലിയോ ജോർജിന്റെ ഭാര്യ ആഷ്ലിൻ എന്നിവർക്കെതിരേയാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് കേസ്. മുഹമ്മദ് ബഷീറിന്റെ മകനു ചന്തവിള ആമ്പല്ലൂരിൽ വീട് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികൾ പണം തട്ടിയെടുത്തത്.
പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി 29 ലക്ഷത്തിലധികം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരന്റെ മകന്റെ ചവറയിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് 20,90,000 രൂപയും ഒന്നാം പ്രതി ലിയോ ജോർജിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടിലേക്കു 3, 50,000 രൂപയും കൈമാറിയിരുന്നു. ഇതിനുപുറമേ മറ്റു പ്രതികളുടെ സാന്നിധ്യത്തിൽ 4,87,000 രൂപ നേരിട്ടും കൈപ്പറ്റി.
എന്നാൽ പണം കൈപ്പറ്റിയശേഷം നാളിതുവരെയായിട്ടും വീടിന്റെ പണി പൂർത്തിയാക്കാനോ വാങ്ങിയ പണം തിരികെ നൽകാനോ പ്രതികൾ തയാറായില്ലെന്നും ബോധപൂർവം ചതിക്കുകയായിരുന്നുവെന്നും പറയുന്നു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കഴക്കൂട്ടം പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram