കെ.കെ. പടിഞ്ഞാറേപ്പുറം
ചങ്ങനാശേരി: നിരവധി കഥകളും നോവലുകളും കവിതകളും ബാക്കിവച്ച് സാഹിത്യ ലോകത്തുനിന്നും കെ.കെ. പടിഞ്ഞാറേപ്പുറം യാത്രയായി. പതിനാലാം വയസില്‍ ആരംഭിച്ച കഥാരചനാ എഴുപത്താറാം വയസിലും തുടരുന്നതിനിടെയാണ് കെകെപി എന്ന കെ.കെ. പടിഞ്ഞാറേപ്പുറം വിടവാങ്ങിയത്. നോവൽ, കഥ, കവിത, നാടകം, ജീവചരിത്രം, തിരക്കഥ, ബാലസാഹിത്യം എന്നിങ്ങനെ സാഹിത്യത്തിന്റെ സമസ്ത മേഖലയിലും കൈയൊപ്പു ചാര്‍ത്തിയ എഴുത്തുകാരനായിരുന്നു പടിഞ്ഞാറേപ്പുറം.
90.8 റേഡിയോ മീഡിയയില്‍ 12 വര്‍ഷമായി പ്രഭാഷണം നടത്തിയിരുന്നു. ആകാശവാണിയില്‍ നിരവധി നാടകങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു. 37 ഗ്രന്ഥങ്ങളാണു കെകെപി യുടെ എഴുത്തുപുരയില്‍ രൂപംകൊണ്ടത്. നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും കെകെപിയെ തേടിയെത്തിയിട്ടുണ്ട്. ഉണ്മ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പൊലി എന്ന നോവലായിരുന്നു അവസാന രചന. അടുത്തനാളിലായിരുന്നു പ്രകാശനം.
അക്ഷരവേദി യോഗം പടിഞ്ഞാറെപ്പുറത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡന്റ് ജസ്റ്റിന് ബ്രൂസിന്റെ അധ്യക്ഷതയില്‍ വി.ജെ. ലാലി, ജോസഫ് പായിക്കാടന്‍, ജോസുകുട്ടി കുട്ടമ്പേരൂർ, റ്റി.എസ്. സലീം, കെ.ജെ. ജോസഫ്, അഭിഷേക് ബിജു, പി.പി.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
വിനു ജോബ് എംഎല്‍എ, മുന്‍ എംഎല്‍എ ജോബ് മൈക്കിൾ, മീഡിയ വില്ലേജ് എക്സി. ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കുളം തുടങ്ങിയവര്‍ വസിയിലെത്തി ആദരവ് അര്‍പ്പിച്ചു.
Tags : Local News Nattuvishesham Kottayam