ചങ്ങനാശേരി പാറേല്പ്പള്ളിക്കു സമീപം ആരംഭിക്കുന്ന ചൂളപ്പടി-കൊടിനാട്ടുംകുന്ന് റോഡിന്റെ തുടക്കത്തില്‍ പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ നടക്കുന്നു.
ചങ്ങനാശേരി: ശുദ്ധജലവിതരണ പദ്ധതിക്കായി കൂറ്റന്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്ന ചൂളപ്പടി-കൊടിനാട്ടുംകുന്ന് റോഡില്‍ വാഹനസഞ്ചാരം സഞ്ചാരം നിലച്ചു. ജോലികള്‍ ജനുവരിയില്‍ ആരംഭിച്ചെങ്കിലും നഗരസഭ ഒമ്പതാംവാര്ഡും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡും സംഗമിക്കുന്ന സെന്റ് തോമസ് ലെയിനിന്റെ തുടക്കത്തിലാണ് മൂന്നാഴ്ചക്കാലമായി ഗതാഗതം നിശ്ചലമായത്.
12 ദിവസംകൊണ്ട് പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും നിര്‍മാണജോലികള്‍ മന്ദഗതിയിലാണ്. ഇതോടെയാണ് ഈ റോഡിലെ ഗതാഗതം സ്തംഭിച്ചത്. ആഴത്തിലുള്ള കുഴിയുടെ വശത്തുകൂടിയുള്ള കാല്‍നട സഞ്ചാരം അപകടാവസ്ഥയിലാണ്. കാല്‍തെറ്റി കുഴിയില്‍വീണ വയോധിക കൈ ഒടിഞ്ഞ് ചികിത്സയിലാണ്.
വാഴൂര്‍ റോഡില്‍ ചൂളപ്പടി ജംഗ്ഷനില്‍ നിന്നും സെന്റ് തോമസ് ലെയ്ന്‍, കടമാഞ്ചിറ, കൊടിനാട്ടുംകുന്ന് ഭാഗങ്ങളിലേക്ക് പോകേണ്ട ആളുകളാണ് ഏറെ ദുരിതപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന പലരുടെയും വാഹനങ്ങള്‍ മറ്റു സ്ഥലങ്ങളിലുള്ള വീടുകളിലും റോഡുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. വയോജനങ്ങൾ, രോഗികള്‍ തുടങ്ങിയവര്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ ആശുപത്രികളില്‍പ്പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. സ്കൂള്‍ വിദ്യാര്‍ഥികളും വിവിധ സ്ഥലങ്ങളില്‍ ജോലിക്കു പോകേണ്ടവരും ഏറെ ബുദ്ധിമുട്ടുകയാണ്.
ഒരു കിലോമീറ്ററോളം നടന്ന് വാഴൂര്‍ റോഡിലോ കൊടിനാട്ടുംകുന്നിലോ എത്തിയാണ് പ്രദേശവാസികള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറുന്നത്. പാചകവാതക സിലിണ്ടറുകള്‍ വാഴൂര്‍ റോഡില്‍ നിന്നും തലച്ചുമടായി വീടുകളില്‍ എത്തിക്കേണ്ടി വരുന്നു. പാലും പത്രവും വീട്ടുസാധന സാമഗ്രികളും എത്തിക്കാനും ആളുകള്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ സ്ഥലങ്ങളിലെ ശുദ്ധജലവിതരണവും തടസപ്പെട്ടിട്ടുണ്ട്.
പുരോഗമിക്കുന്നത് ചങ്ങനാശേരിക്കുള്ള മേജര്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ: വാട്ടർ അഥോറിറ്റി
കറ്റോട് നിന്നും ശുദ്ധജലം തോട്ടഭാഗം, നാലുകോടി, മുക്കാട്ടുപടി, കൊടിനാട്ടുംകുന്ന്, കടമാഞ്ചിറ വഴി വാഴൂര്‍ റോഡില്‍ ചൂളപ്പടിയില്‍ എത്തി അവിടെനിന്നും പാറേല്പ്പള്ളിക്കടുത്തുള്ള റിലന്‍സ് പമ്പിനു മുമ്പില്‍ റോഡ് മുറിച്ച് മഹാത്മഗാന്ധി റോഡിലൂടെ മോര്‍ക്കുളങ്ങരയില്‍ നിര്‍മ്മിക്കുന്ന ശുദ്ധീകരണ പ്ലാന്റില്‍ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കലാണ് നടന്നു വരുന്നത്.
രണ്ട്കോടി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന കൂറ്റന്‍ സംഭരണിയാണ് മോര്‍ക്കുളങ്ങരയില്‍ നിർമാണം പുരോഗമിക്കുന്നത്. 700 എംഎം ഡിഐ പൈപ്പാണ് സ്ഥാപിക്കുന്നത്. ചൂളപ്പടി-കൊടിനാട്ടുംകുന്ന് റോഡില്‍ പല ഭാഗങ്ങളിലും പാറ കാറിമാറ്റി പൈപ്പ് സ്ഥാപിക്കേണ്ടി വരുന്നുണ്ട്.
നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍മൂലമാണ് തടസം നേരിടുന്നത്. ഈ പൈപ്പില്‍നിന്നും ചെറുകരക്കുന്ന് ടാങ്കിലും വെള്ളം എത്തിക്കും. ചങ്ങനാശേരി നഗരസഭ, പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹിക്കാനുള്ള പദ്ധതിയാണിത്.
വാട്ടര്‍ അഥോരിറ്റി
അധികൃതര്‍
പൈപ്പ് സ്ഥാപിക്കലിന് വേഗം കൂട്ടണം
റോളപ്പടി-കടമാഞ്ചിറ റോഡ് പ്രദേശവാസികള്‍ക്ക് ദുരിതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോലികള്‍ വേഗത്തിലാക്കി നിര്‍മാണം പൂര്‍ത്തീകരിക്കണം. ഇതോടൊപ്പം റോഡിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ച് പൂര്‍വസ്ഥിതിയിലാക്കി ഗതാഗതയോഗ്യമാക്കണം.
സി.എ. ജോസഫുകുട്ടി
പ്രസിഡന്റ്,
ചൂളപ്പടി-കടമാഞ്ചിറ
റോഡ് റസിഡന്റ്്് അസോസിയേഷന
Tags : Local News Nattuvishesham Kottayam