വെച്ചൂർ പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി അസിസ്റ്റ
വൈക്കം: വെച്ചൂർ പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വൈക്കം വാട്ടർ അഥോ റിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു. ഒരാഴ്ചയായി പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നും മാസങ്ങളായി വെച്ചൂരിലെ ഉൾപ്രദേശങ്ങളിൽ വെള്ളം കിട്ടാത്ത സ്ഥലങ്ങളുണ്ടെന്നും പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. വെച്ചൂരിലെ ജനസാന്ദ്രതയേറിയ കൈപ്പുഴമുട്ട്, അംബികാ മാർക്കറ്റ്, മഞ്ചാടിക്കരി, പുത്തൻപാലം, കളരിക്കൽ, ചക്രംപുരയ്ക്കൽ, ഇടയാഴം തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായത്.
പഞ്ചായത്തിലെ 14 വാർഡുകളിലും മുമ്പ് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വെള്ളം ലഭിച്ചിരുന്നതാണെന്നും കഴിഞ്ഞ ആറു മാസമായി കുടിവെള്ള വിതരണം താറുമാറായെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. വെച്ചൂരിലെ കുടിവെള്ള വിതരണത്തിന്റെ ക്രമീകരണങ്ങൾ നടത്തുന്ന ഓപ്പറേറ്ററെ അടുത്തകാലത്ത് മാറ്റിയതും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ അധികൃതർ ഏകോപനത്തോടെ നടപടി സ്വീകരിക്കാത്തതുമാണ് കുടിവെള്ള വിതരണം മുടങ്ങുന്നതിനിടയാക്കുന്നതെന്നാണ് ആരോപണം. വൈക്കത്തെ തുറുവേലിക്കുന്ന്, തലയാഴത്തെ കൂവം, കടുത്തുരുത്തിലെ മാന്നാർ എന്നിവടങ്ങളിൽ വാൽവ് തുറന്നാൽ വെച്ചൂരിൽ എല്ലായിടങ്ങളിലും വെള്ളം ലഭിക്കില്ല.
മുൻകാലങ്ങളിൽ വെച്ചൂരിലേക്ക് വെള്ളം വിടുന്ന ദിവസം ഈ വാൽവുകൾ തുറന്നിരുന്നില്ല. ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്ത കാര്യം നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ സാങ്കേതികത്വം പറഞ്ഞ് തടിതപ്പുകയാണെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എൻ. നൂർജഹാനുമായി നടത്തിയ ചർച്ചയിൽ അപാകതകൾ പരിഹരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ചർച്ചയിലെ ധാരണ പ്രകാരം ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ, വെച്ചൂരിൽ വാൽവ് തുറക്കുന്ന ഓപ്പറേറ്റർ തുടങ്ങിയവരുമായി സംസാരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടി ത്വരിതപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എൻ. നൂർ ജഹാൻ പറഞ്ഞു.
സമരപരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈസ് പ്രസിഡന്റ് എൻ.അഭിഷേക്, ശ്രീദേവി ജയൻ, ടി.ഡി. ഗീത, ലൈജു കുഞ്ഞുമോൻ, മിനിമോൾ കോട്ടയ്ക്കൽ, ഇ.എം.അമലേന്ദു, പി.ആർ. രജീഷ്, രാകേഷ് പഞ്ചാരി, വി.ടി. ജയശ്രീ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kottayam