ആറ്റിങ്ങൽ: വള്ളം മറിഞ്ഞു, നാലു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. മുതലപ്പൊഴി ഹാർബർ കവാടത്തിലാണു വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ടു പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
വെട്ടുതുറ സ്വദേശി സോജൻ (45), ശാന്തിപുരം സ്വദേശി ഷാരോൺ (30), അസം സ്വദേശി കൃഷ്ണ (39), മാമ്പള്ളി സ്വദേശി സോജൻ (30) എന്നിവരാണു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ശാന്തിപുരം സ്വദേശി ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തുറ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ‘അത്ഭുതമാതാവ്’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനു ശേഷം കരയിലേക്ക് മടങ്ങിവരുന്നതിനിടെ ഹാർബർ കവാടത്തിലെ ശക്തമായ തിരയിൽപ്പെട്ട് വള്ളം നിയന്ത്രണംവിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടർന്നു പുലിമുട്ടിൽ കുടുങ്ങിയ വള്ളം ഫിഷറീസ് വാർഡൻമാരും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണു തിരികെ കടലിലേക്ക് ഇറക്കിയത്. അപകടത്തിൽ വള്ളത്തിനു വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും തൊഴിലാളികൾ പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.