അറസ്റ്റിലായ അൻസിൽ
മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ
ആറ്റിങ്ങൽ: മിന്നൽ ഫൈസലിന്റെ മരണം കൊലപാതകം, പ്രതി പിടിയിൽ. കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതി മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിന്റെ (45) മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്നു വ്യക്തമായത്.
പത്തു ദിവസം പഴക്കംചെന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നത് ജൂൺ 20 നായിരുന്നു. മൃതദേഹം കണ്ടെത്തിയത് ജൂലൈ ഒന്നിനും. തലക്കേറ്റ വെട്ടാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അഞ്ചു പോലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, ലഹരി വില്പന തുടങ്ങി 26 കേസുകളിലെ പ്രതിയായ ഫൈസലിന്റെ പേരിൽ കാപ്പ കേസും നില വിലുണ്ട്.
മോഷണമുതൽ പങ്കിടുന്നതിനെച്ചൊല്ലി മദ്യലഹരിയിലുണ്ടായ തർക്കമാണു കൊലപാതകത്തിനു കാരണമായത്. തെളിവുകൾ ഇല്ലാതിരുന്ന സംഭവത്തിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.
ഭക്ഷണം കൊണ്ടുനൽകിയ ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്നു ലഭിച്ച വിവരത്തിൽ തുടങ്ങി നാട്ടിലെ മൊത്തം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു തെളിവെടുത്തത്. പ്രതിയുടെ രൂപം കിട്ടിയിട്ടും ആളിനെ കണ്ടെത്താൻ പ്രയാസപ്പെട്ടു. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിനു കൂടുതൽ പ്രയാസം സൃഷ്ടിച്ചു. ആറ്റിങ്ങൽ നഗരത്തിലെ സിസിടിവിയിൽ ബാറിലേക്കു പ്രതിയും മറ്റൊരു യുവാവും പോകുന്നതു കണ്ടിരുന്നു. ആ യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ബോട്ടിൽ മത്സ്യബന്ധത്തിനു പോയപ്പോഴുള്ള പരിചയമാണെന്നും കൂടുതൽ വിവരം അറിയില്ലെന്നും വിവരം ലഭിച്ചു.
തുടർന്ന് ബോട്ടുടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. അൻസിലിന്റെ പേരിൽ കല്ലമ്പലം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. നാവായികുളത്തുനിന്നും അറസ്റ്റുചെയ്ത് അൻസിലിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.