ചുരം ആറാം വളവിന് സമീപം കാറിന് മുകളിലേക്ക് മരം വീണ നിലയിൽ.
താമരശേരി:കനത്ത മഴയെത്തുടർന്ന് താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കുട്ടിക്ക് പരിക്ക്. ഇന്നലെ രാവിലെ 6.45 ഓടെ ചുരം ആറാം വളവിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി ഇന്നോവ കാറിന് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
അപകടത്തെത്തുടർന്ന് കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെയോടെ മരം വീണ് പാതയടഞ്ഞത്.
സംഭവമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരം സന്നദ്ധപ്രവർത്തകർ, ഹൈവേ പോലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.
റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുകയും അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് നീക്കുകയും ചെയ്തതോടെ രാവിലെ എട്ടോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.മഴ തുടരുന്നതിനാൽ ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Kozhikode