പുല്‍പ്പള്ളിയില്‍ നിര്‍മാണം നടക്കുന്ന കാലാവസ്ഥ നിരീക്ഷണ റഡാര്‍ സ്റ്റേഷന്.
പുല്‍പ്പള്ളി: വടക്കന്‍ കേരളത്തിലെ ആദ്യ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള റഡാര്‍ നിര്‍മാണം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി പഴശിരാജാ കോളജ് ക്യാമ്പസിനോട് ചേര്‍ന്നാണ് റഡാര്‍ സ്റ്റേഷന്.
തത്സമയ കാലാവസ്ഥ നിരീക്ഷണത്തിനുള്ള എക്സ് ബാന്‍ഡ് ഡോപ്ലര്‍ വെതര്‍ റഡാറാണിവിടെ സ്ഥാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ക്ക് പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും റഡാറിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ ഏപ്രില്‍ അവസാനത്തോടെ റഡാര്‍ സ്റ്റേഷന് പ്രവര്ത്തനസജ്ജമാക്കുമെന്നായിരുന്നു വിവരം. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് റഡാര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്നത്.
എക്സ്ബാന്‍ഡ് ഡോപ്ലര്‍ വെതര്‍ റഡാര്‍ ഉപയോഗിച്ച് 100 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള നിരീക്ഷണം സാധ്യമാകും. മഴമേഘങ്ങളുടെ നീക്കം, വ്യാപ്തി, ജലകണങ്ങളുടെ അളവ്, ലഭിക്കുന്ന മഴയുടെ അളവ് തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ റഡാറില്‍ ലഭ്യമാകും.
അടുത്ത രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ നടക്കുന്ന അതിതീവ്രമഴയടക്കമുള്ള കാലാവസ്ഥയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഈ റഡാര്‍ സംവിധാനത്തിന് കഴിയുമെന്നതാണ് പ്രത്യേകത. അതിതീവ്രമഴ പോലുള്ള പ്രകൃതി ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കാന് ഈ സംവിധാനം ഉപകരിക്കും.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം വലിയ ആശങ്കയ്ക്ക് ഇടവരുത്തിയിരുന്നു. കാറ്റിന്റെ ദിശയും മഴമേഘങ്ങളുടെ സാന്നിധ്യവും നിരീക്ഷിച്ചു മുന്നറിയിപ്പു നല്‍കാനുള്ള റഡാര്‍ സ്റ്റേഷന് വടക്കന്‍ കേരളത്തില്‍ സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.
നിലവില്‍ തിരുവനന്തപുരത്തേയും കൊച്ചിയിലെയും റഡാര്‍ ഉപയോഗിച്ചാണ് സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം. റഡാര്‍ സ്റ്റേഷന് വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad