കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിൽ തകര്‍ന്നുവീണ മേല്‍ക്കൂര
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഏറെ പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നു വീഴാന്‍ സ്റ്റേഷന്റെ നവീകരണാര്ഥം നടത്തുന്ന പൈലിംഗ് പ്രവര്‍ത്തിയും കാരണമായിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍. ക്ലോക്ക് ടവര്‍ അപകടാവസ്ഥയിലായിട്ടും സമയബന്ധിതമായി അത് പൊളിച്ചുനീക്കാന്‍ റെയില്‍വേ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുയര്ന്നതിനിടെയാണ് റെയില്‍വേ അധികൃതര്‍ കാലാവസ്ഥയെയും പൈലിംഗ് പ്രവൃത്തിയെയും പഴിക്കുന്നത്.
കെട്ടിടത്തില്‍ വിള്ളല്‍ കണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അത്രത്തോളം അപകടാവസ്ഥയിലുള്ള ക്ലോക്ക് ടവറിനു സമീപമുളള രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എന്തിനാണ് ട്രെയിന്‍ നിറുത്തിയിട്ടിരുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ട്രെയിനിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.
അപകട വിവരമറിഞ്ഞ് എംഎല്‍എമാരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു. ക്ലോക്ക് ടവര്‍ തകര്‍ന്ന് വീണത് സംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്കും കോഴിക്കോട് റെയില്‍വെ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മന്ത്രി സുരേഷ് ഗോപിക്കും വിവരങ്ങള്‍ കൈമാറിയതായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജയപ്രകാശ് ബാബു പറഞ്ഞു.
പാലക്കാട് ഡിവിഷന് എഡിആര്എമ്മിനോട് എംപി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കെട്ടിടം തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും ഫെന്‍സിംഗ് നടത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടും പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തിയിടാനുള്ള കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചതെന്നും ഭാഗ്യം കൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ലെന്നും അപകട സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ഹുസൈന് പറഞ്ഞു. ഞാന്‍ നില്‍ക്കുന്നതിന്റെ നേരെ മുന്നിലായാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടസമയത്ത് വലിയ ശബ്ദമുണ്ടായി. വൈദ്യുതി ലൈനുകളില്‍ നിന്ന് തീ പാറിയെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടക്കുന്ന സമയം ഞാന്‍ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു. വലിയ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. കട്ടിടം പകുതിയോളം തകര്‍ന്ന് താഴേക്ക് നിലം പൊത്തുന്നതാണ് ഞാന്‍ കണ്ടത്- അപകടത്തിന് ദൃക്സാക്ഷിയായ കൂടരഞ്ഞി സ്വദേശിനി അമലു പറഞ്ഞു.
സുരക്ഷാ വീഴ്ച അന്വേഷിക്കണം: മുഹമ്മദ്റിയാസ് എംഎല്‍എ
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ കെട്ടിടഭാഗം തകര്‍ന്ന സംഭവം അതീവ ഗൗരവകരമെന്നും സുരക്ഷാ വീഴ്ച അന്വേഷിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയും അപകട മേഖലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതായിരുന്നു. അനൗണ്‍സ്മെന്റിലൂടെ യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്യണമായിരുന്നു. ദിവസേന പതിനായിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ കോഴിക്കോട് സ്റ്റേഷനില്‍ ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തത് നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ടവറിനു സമീപം ട്രെയിന്‍ നിറുത്തിയിട്ടത് സംശയകരം: കെ. ജയന്ത് എംഎല്‍എ
കോഴിക്കോട്: കെട്ടിടം വ്യാഴാഴ്ച പൊളിക്കാന്‍ ഇരുന്നതാണെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നതിനിടെ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിലെ ട്രാക്കില്‍ ട്രെയിന്‍ നിറുത്തിയിട്ടത് സംശയകരമാണെന്ന് കെ. ജയന്ത് എംഎല്‍എ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് നവീകരണ പദ്ധതിയില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. പൈലിംഗ് നടത്തുന്നതിന് മുമ്പ് പഴയ കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കേണ്ടതാണ്. ഇവിടെ അതുണ്ടായില്ലെന്നും കെ. ജയന്ത് പറഞ്ഞു.
ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവന് എംപി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നുവീണ സംഭവത്തില്‍ റെയില്‍വേ അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.കെ. രാഘവന് എംപി ആവശ്യപ്പെട്ടു.
ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന അതീവ തിരക്കുള്ള രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് കോഴിക്കോട് സ്റ്റേഷന്റെ മുഖവും മുഖ്യ ആകര്‍ഷണവുമായിരുന്ന ക്ലോക്ക് ടവര്‍ തകര്‍ന്നുവീണത്. സമീപത്തെ പൈലിംഗ് പ്രവൃത്തികള്‍ ക്ലോക്ക് ടവറിന്റെ ഘടനാ സ്ഥിരതെയെ ബാധിച്ചിരുന്നോ എന്ന് റെയില്‍വേ വ്യക്തമാക്കണം.
പൈതൃക കെട്ടിടത്തിന് സമീപം യാതൊരുവിധ മുന്‍കരുതലുകളും ഒരുക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനി അധികൃതരുടെ നടപടി തികഞ്ഞ അനാസ്ഥയാണ്.
കമ്പനിയെ അടിയന്തരമായി കരിമ്പട്ടികയില്‍പ്പെടുത്തി മറ്റൊരു ഏജന്‍സിയെ നിര്മ്മാണമേല്പ്പിക്കാന് റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.
Tags : Local News Nattuvishesham Kozhikode