പ്രതീകാത്മക ചിത്രം
പാറശാല: മലങ്കര സുറിയാനി കത്തോലിക്കാ സഭ പാറശാല ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാറശാല കാത്തലിക് ബൈബിൾ കൺവെൻഷൻ 16, 17, 18 തീയതികളിൽ നടക്കും. പാറശാല കോട്ടവിള സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിലാണ് ത്രിദിന കൺവെൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 4.45-ന് കൺവെൻഷൻ പരിപാടികൾ ആരംഭിക്കും. വചനപ്രഘോഷകനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ആണ് കൺവെൻഷൻ നയിക്കുന്നത്.
16നു വൈകുന്നേരം 4.45ന് ജപമാലയോടെ ആദ്യദിന ശുശ്രൂഷകൾ ആരംഭിക്കും. തുടർന്നു സന്ധ്യാപ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. വൈകുന്നേരം 6.30ന് കൺവെൻഷന്റെ ഉദ്ഘാടനം പാറശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് നിർവഹിക്കും. തുടർന്ന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
17 നും 18നും വൈകുന്നേരം 4.45-ന് ജപമാല, 5.15ന് സന്ധ്യാപ്രാർഥന, 5.30ന് വിശുദ്ധ കുർബാന എന്നിവ നടക്കും. ഓരോ ദിവസത്തെയും വിശുദ്ധ കുർബാനയ്ക്ക് വിവിധ ജില്ലകളിലെ വൈദികർ നേതൃത്വം വഹിക്കും. വൈകുന്നേരം 6.30 മുതൽ ഗാനശുശ്രൂഷയും തുടർന്നു വചനപ്രഘോഷണവും ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കും.