കോഴിക്കോട് നഗരത്തില്‍ പൊലിസും എംവിഡിയും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയില്‍ നിന്ന്.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത തടസങ്ങളും വാഹനങ്ങളുടെ നിയമലംഘനങ്ങളും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലിസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റും (എംവിഡി) സംയുക്തമായി പരിശോധന നടത്തി. നിരവധി വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. നഗരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് സംയുക്ത പരിശോധന നടത്തിയത്.
അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ്, റോഡിന്റെ മധ്യഭാഗത്തും സിഗ്നലുകളിലും നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക, ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തുക, റൂട്ട് ലംഘനം, എയര്‍ ഹോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് 80 ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു.
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുക, അമിത ചാര്‍ജ് ഈടാക്കുക, ആവശ്യപ്പെടുമ്പോള്‍ പോകാതിരിക്കുക, ഫ്രീ ലെഫ്റ്റ് ബ്ലോക്കാക്കി നിര്‍ത്തി ഗതാഗത തടസമുണ്ടാക്കുക എന്നീ കുറ്റങ്ങള്‍ ചെയ്ത 210 ഓട്ടോറിക്ഷകള്‍ക്കെതിരേയും നടപടിയെടുത്തു. ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ റോഡില്‍ അനധികൃതമായി നിര്‍ത്തിയിട്ട 400ലധികം മറ്റ് വാഹനങ്ങള്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറിയിച്ചു.