മലയോര ഹൈവേ പ്രവൃത്തി തടസപ്പെട്ടതോടെ മഴവെള്ളം ഓവുചാലിലൂടെ ഒഴുകാതെ ചക്കിട്ടപാറ ടൗണിൽ കെട്ടിനിൽക്കുന്നു.
പേരാമ്പ്ര: ചെമ്പ്ര, ചക്കിട്ടപാറ ടൗണുകളിൽ 360 മീറ്റർ ദൂര ഭാഗത്ത് ഒരുവർഷം മുമ്പ് മുടങ്ങിയ മലയോര ഹൈവേ നിർമാണത്തിന് തീർപ്പ് ഉണ്ടാകുമോയെന്ന് നാളെ അറിയാം. റോഡിന്റെ വീതി നിർണയിച്ചതിൽ അപാകത ഉന്നയിച്ച് ഒരു ഡസനോളം പേർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
തർക്കമുള്ളിടത്ത് റോഡിന്റെ വീതി കൃത്യമായ സ്കെച്ച് മാപ്പിന്റെ അടിസ്ഥാനത്തിൽ സർക്കാർ സർവെയർ അളക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇത് നാളെ നടത്തുമെന്ന് കൊയിലാണ്ടി തഹസിൽദാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങൾ നിരത്തി റോഡിന്റെ വീതി നിർണയം നടക്കാതിരിക്കാൻ തുടക്കം മുതൽ ചിലര്‍ തടസമുണ്ടാക്കിയിരുന്നു. കേസിന് പോയവർക്കും പരാതി ഉന്നയിച്ചവർക്കും എതിരേ ഭീഷണിയും ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേയും ആക്ഷേപമുയര്‍ന്നു. പല കച്ചവടക്കാരും നീണ്ടകാലം ക്ലേശങ്ങളനുഭവിച്ചു. പൊടിയും ചെളിയും സഞ്ചാരികളെ വലച്ചു.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല വിധത്തിലുള്ള സമരങ്ങളും അരങ്ങേറിയിരുന്നു. പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയയും ചക്കിട്ടപാറ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയും സൗമ്യമായി ഇടപെട്ടതോടെ പ്രശ്നം തീരാൻ വഴി ഒരുങ്ങുകയായിരുന്നു. ഇതനുസരിച്ചാണ് റോഡ് അളക്കാൻ തീരുമാനമായത്. പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെമ്പ്ര മലയോര ഹൈവേ 5.5 കിലോമീറ്ററാണ്.