പരുമല കോട്ടക്കൽ കടവ് പാലത്തിലെ ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ബോർഡ്.
മാന്നാർ: പരുമല കോട്ടയ്ക്കൽ കടവ് പാലം അപകടത്തിലായതി നെത്തുടർന്ന് ഗതാഗതം നിരോധിച്ചു. ഇതുസംബന്ധിച്ച് പാലത്തിന്റെ എക്സി. എൻജിനിയറുടെ അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമുണ്ട്. പരുമല- മാന്നാർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോട്ടക്കൽ കടവിൽ 2004 ലാണ് പാലം വരുന്നത്. അന്നത്തെ ചെങ്ങന്നൂർ എംഎൽഎ ശോഭനാ ജോർജ് മുൻകൈയെടുത്താണ് പാലം നിർമിച്ചത്.
അന്നത്തെ പൊതുമരാമത്ത് മന്ത്രി എം. കെ. മുനീറാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലം വന്നതോടെ പരുമല പള്ളി, ആശുപതി, പനയന്നാർകാവ് ക്ഷേത്രം, പമ്പാ കോളജ് എന്നിവിടങ്ങളിലേക്ക് മാന്നാർ ടൗണിലെ തിരക്കുകൾ ഒഴിവാക്കി ഈ പാലത്തിലൂടെ എളുപ്പത്തിൽ മാന്നാറിൽ ഉള്ളവർക്ക് എത്താൻ കഴിഞ്ഞിരുന്നു.
അതിനാൽ തന്നെ നിരവധി ചെറു വാഹനങ്ങളും ടൂവീലർ യാത്രകാരും ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്. വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ കോട്ടക്കൽകടവ് ആംബുലൻസ് പാലം പൊളിച്ച് വലിയ പാലം പണിയണമെന്ന ആവശ്യം ഉയർന്നു. പരുമല പെരുനാളിന് എത്തുന്ന തീർഥാടകർക്ക് ഉൾപ്പെടെ വലിയപാലം വരുന്നത് ഏറെ ഗുണകരമാകും.
മാന്നാർ ടൗണിലെ തിരക്ക് ഒഴിവാക്കാൻ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും. വലിയപാലം എന്ന ആശയം ഉയർന്നതിനെതുടർന്ന് നിലവിലെ പാലം പൊളിച്ച് പുതിയ വലിയ പാലം പണിയുന്നതിനുള്ള പ്രാഥമിക ചർച്ചകൾ വർഷങ്ങൾക്ക് മുൻപ് തുടങ്ങി. സജി ചെറിയാൻ മന്ത്രിയായിരുന്നപ്പോഴാണ് പാലം നിർമിക്കാൻ പ്രാഥമിക നടപടികൾ തുടങ്ങിയത്. പാലത്തിന്റെ അപ്രാച്ച് റോഡിനായുള്ള സ്ഥലമെടുപ്പുകളും നടത്തി. കഴിഞ്ഞ ഒരു വർഷം മുൻപ് വലിയ പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുകയും ചെയ്തു.
എന്നാൽ, പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ പാലം അപകടവസ്ഥയിലാണന്ന ബോർഡുകൂടി വന്നതോടെ നാട്ടുകാർ ഏറെ ആശങ്കയിലാണ്. ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ പോകുന്നുമുണ്ട്. പരുമല ആശുപത്രിയിലേക്ക് അടിയന്തരമായി പോകുന്ന വാഹനങ്ങളാണ് ഇപ്പോഴും കൂടുതലായി ഈ പാലത്തിലൂടെ എത്തുന്നത്. ഇത് തുടർന്നാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ പാലം അടിയന്തരമായി പൊളിച്ച് പുതിയ പാലം നിർമിക്കേണ്ടിയിരിക്കുന്നു.
പരുമല കോട്ടക്കൽ കടവ് പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കും. ചില സാങ്കേതിക പ്രശ്നങ്ങളാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ തടസമായത്. ഇതെല്ലാം പരിഹരിച്ചു കഴിഞ്ഞു. പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിക്കഴിഞ്ഞു. ഉടൻ പാലം പൊളിച്ചുമാറ്റി പുതിയ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
സജി ചെറിയാൻ എംഎൽഎ
മാന്നാർ - പരുമല പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും എളുപ്പത്തിൽ യാത്ര സൗകര്യം സുഗമമാക്കുന്നതുമാണ് കോട്ടക്കൽ കടവ് പാലം. മാന്നാർ നിവാസികൾക്ക് ടൗണിലെ ഗതാഗതത്തിരക്കിൽനിന്ന് ഒഴിവായി എളുപ്പത്തിൽ പരുമല ആശുപത്രിയിലടക്കം എത്തിച്ചേരാൻ ഏറ്റവും ഉപകരിക്കുന്ന പാലമാണ്. അതിനാൽതന്നെ വലിയപാലം അനിവാര്യമാണ്. എല്ലാ തടസങ്ങളും മാറ്റി നിർമാണം ഉടൻ ആരംഭിക്കുന്നതിനുവേണ്ട നടപടികൾ തുടങ്ങിയിട്ടുണ്ട്.
ബി.കെ. പ്രസാദ്
(മാന്നാർ പഞ്ചായത്ത് പ്രസിഡന്റ്).
കോട്ടക്കൽ കടവ് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണം. പരുമലയ്ക്കും മാന്നാറിനും ഏറെ പ്രയോജനം ചെയ്യുന്നതാണ് പാലം. പാലം യാഥാർഥ്യമായാൽ മാന്നാറിന്റെ ബൈപാസ് ആയും ഉപയോഗിക്കാൻ കഴിയും. പാലത്തിന്റെ പ്രാധാന്യം മനസിലാക്കി അടിയന്തരമായി പാലം പുനർനിർമിക്കണം
ശിവദാസ് യു. പണിക്കർ
(പരുമല 11 -ാം വാർഡ് മെംബർ)
Tags : NattuVishesham DistrictNews