മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത
വിഭാഗത്തിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ചോർച്ചയെന്നു സംശയം. രൂക്ഷഗന്ധവും പുകയും ഉയർന്നതോടെ അസ്വസ്ഥത തോന്നിയ രോഗികളെ അടിയന്തരമായി അവിടെനിന്നു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള യെല്ലോ സോണിൽ വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം ഉണ്ടായത്. രൂക്ഷമായ ഗന്ധം വമിച്ചതോടെ മൂക്കും തൊണ്ടയും എരിയുന്ന തരത്തിലുള്ള അനുഭവമായിരുന്നുവെന്നു രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാർ ഭയന്നു കൂട്ടത്തോടെ പുറത്തേക്കോടുന്നതുകണ്ടു ഭയാനകമായ എന്തോ സംഭവമാണെന്നു മനസിലായ കൂട്ടിരിപ്പു കാർ രോഗികളെ പുറത്തേക്കിറക്കാൻ ബഹളമുണ്ടാക്കി. എന്നാൽ എന്താണു സംഭവമെന്ന് ആർക്കും മനസിലായില്ല. ഇതിനിടയിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഋഷികേശൻ നായർ അടക്കമുള്ളവർ എത്തി രോഗികളെ തൊട്ടടുത്തുള്ള ഗ്രീൻ സോണിലേക്കു മാറ്റി. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത രോഗികളെ കിടത്തുന്ന ഏരിയയാണ് ഗ്രീൻ സോൺ.
ഗുരുതരാവസ്ഥയുണ്ടെങ്കിലും ജീവനു ഭീഷണിയില്ലാത്ത രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന വിഭാഗമായ യെല്ലോ സോണിൽനിന്നും അപകടങ്ങളിലും മറ്റും ശരീരഭാഗങ്ങൾക്ക് ഗുരുതര പരിക്കേറ്റവരെ പെട്ടെന്ന് മാറ്റുന്നത് ഏറെ പ്രയാസകരമായിരുന്നു. തുടർന്നു പരിശോധന നടത്തിയെങ്കിലും പ്രശ്നം കണ്ടെത്താനായില്ല.
രൂക്ഷഗന്ധം മാറിയതോടെ ബയോ മെഡിക്കല്‍, ഓക്സിജന്‍ പ്ലാന്റ്, പിഡബ്ല്യൂഡി (ഇലക്ട്രിക്കല്‍, സിവില്‍), ബില്‍ഡിംഗ് മോണിറ്ററിംഗ് ആന്‍ഡ് സെന്‍ട്രല്‍ വർക്ക് ഷോപ്പ് വിഭാഗം അധികൃതര്‍ പരിശോധിച്ചെങ്കിലും യഥാർഥ പ്രശ്നം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. യെല്ലോ സോണിലെ ഗന്ധം മാറിയതിനെ തുടർന്നു വെള്ളിയാഴ്ച വൈകുന്നേരത്തോടെ മുഴുവന്‍ രോഗികളെയും തിരികെ പ്രവേശിപ്പിച്ചു. ഓക്സിജൻ അല്ലാതെ മറ്റു വാതകങ്ങളൊന്നും അത്യാഹിത വിഭാഗത്തിൽ സാധാരണ ഉണ്ടാകാറില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ഗന്ധം ഉണ്ടാകാനുള്ള കാരണം എന്താണെന്നു കണ്ടുപിടിക്കാതെ തങ്ങളെ വീണ്ടും പ്രവേശിപ്പിച്ചതിൽ രോഗികളും കൂട്ടിരിപ്പുകാരും ഭയപ്പാടിലാണ്.
Tags : Nattuvishesham DistrictNews DeepikaNews Patients