തലശേരി: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും. എറണാകുളം വൈപ്പിൻ സ്വദേശി വിനായകന്റെ മകൻ എം.വി. ശ്രീഗുരു (44) വിനെയാണ് തലശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. ചാലാട് മുള്ളകണ്ടി എരത്താൻ കണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജു (41)വാണ് കൊല്ലപ്പെട്ടത്.
2018 ഡിസംബർ 12 ന് രാത്രി 10.30 ഓടെയാണ് സംഭവം. പള്ളിയാംമൂലയിൽ ആൾ പാർപ്പില്ലാത്ത കാടുപിടിച്ച് കിടക്കുന്ന ഭാഗത്താണ് ഷൈജു ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് അബോധാവസ്ഥയിൽ ഒരാളെ കണ്ടതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കൺട്രോൾ റൂം എസ്ഐ പി.കെ. ദിനേശ് കുമാറും സംഘവുമെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചെന്നാണ് കേസ്.
ജിത്തു എന്നയാളുടെ പയ്യാമ്പലത്തെ സ്ഥലം കാവൽക്കാരനാണ് പ്രതി ശ്രീഗുരു. പയ്യാമ്പലത്തെ ഷെഡിൽ തന്നെയാണ് ഇയാളുടെ താമസം. കൊല്ലപ്പെട്ട ഷൈജുവിന്റേയും സൃഹൃത്തുക്കളുടെയും കൂടെ മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയെന്നാണ് സൂചന.
ഷെഡിൽ സൂക്ഷിച്ചിരുന്ന മരവടി എടുത്ത് ചാലാട് പടന്നപ്പാലം ബീച്ച് റോഡിൽ വച്ച് തലയ്ക്കും ഇടത് കൈക്കും കഴുത്തിനും അടിച്ചതിനാൽ നിലത്തുവീണ ഷൈജുവിനെ പ്രതി വലിച്ചിഴച്ച് കൊണ്ടുപോയി ആൾ പാർപ്പില്ലാത്ത വളപ്പിൽ ഉപേക്ഷിച്ചെന്നാണ് പോലീസ് കേസ്. എസ്ഐ. ദിനേശ് കുമാറിന്റെ പരാതി പ്രകാരമാണ് പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്ത് കൊതേരി പ്രഥമ വിവരം രേഖപ്പെടുത്തിയത്. പോലീസ് ഓഫീസർമാരായ ടി.കെ. രത്നകുമാർ അന്വഷണം നടത്തിയ കേസിൽ എസിപി പ്രദീപൻ കണ്ണിപൊയിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ വി.എസ്. ജയശ്രീ ഹാജരായി.