പാലക്കാട്: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രക്കാരനു ദാരുണാന്ത്യം. നൂറണി ന്യൂ സ്ട്രീറ്റ് സ്വദേശി സുബ്രഹ്മണ്യൻ(75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.50ഓടെ കോട്ടമൈതാനം സ്മാർട്ട് ബസാറിനു മുൻവശത്തായിരുന്നു അപകടം.
കോട്ടമൈതാനം ഭാഗത്തുനിന്നു വരികയായിരുന്ന ബസ് എതിർദിശയിൽ ലൈൻ തെറ്റിച്ചെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സുബ്രഹ്മണ്യനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലക്ഷ്മി. മക്കളില്ല.
ക്ഷേത്രങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ ചടങ്ങുകളിൽ പാചകജോലികൾ ചെയ്താണ് സുബ്രഹ്മണ്യൻ ഉപജീവനം നടത്തിയിരുന്നത്. അപകടത്തിൽപെട്ട വാഹനങ്ങൾ ടൗണ്‍ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസെടുത്തു.
Tags : dies after being hit by car