വെള്ളറട: വെള്ളറട പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പ്രദേശവാസികളും വാര്‍ഡ് മെമ്പറടക്കമുള്ളവരും വാട്ടർ അഥോറിറ്റിയെ വിവരമറിയിച്ചുവെങ്കിലും നാളിതുവരെയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടില്ല.
ചൂണ്ടിക്കല്നിന്നു കോട്ടയം വിളയിലേക്കു പോകുന്ന റോഡിന്റെ പാര്ശ്വഭിത്തിയിലാണു പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴായി കൊണ്ടിരിക്കുന്നത്. താഴ്ന്നപ്രദേശമായതുകൊണ്ടുവെള്ളം ധാരാളം പാഴാകുന്നുണ്ട്. മോട്ടര്‍ ഓഫ് ചെയ്യുന്ന സമയം മലിനജലം പൈപ്പിലൂടെ കടന്നു താഴ്ന്ന പ്രദേശത്തെ വീടുകളില്‍ എത്തുന്നതായും പരാതിയുണ്ട്. ശുദ്ധമായ വെള്ളം ലഭിച്ചുകൊണ്ടിരുന്ന പൈപ്പിലൂടെ ഇപ്പോള്‍ മലിനജലമാണു ലഭിക്കുന്നത്.
വെള്ളറട പഞ്ചായത്തില്‍ മാത്രമല്ല പരിസരപ്രദേശങ്ങളില്‍ മുഴുവനും വേനല്‍ ശക്തമായതോടെ കടുത്ത വെള്ളക്ഷാമം നേരിടുമ്പോഴാണ് കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍നിന്നുള്ള വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയായി പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നുവെന്നു പ്രദേശവാസികള്‍ പരാതിപ്പെട്ടുവെങ്കിലും ജല അതോറിറ്റിയുടെ ആരുംതന്നെ ഈ പ്രദേശത്ത് തിരിഞ്ഞു നോക്കാന്‍ തയാറായിട്ടില്ലെന്നും ആക്ഷേമമുണ്ട്.
Tags : nattu vishesham Pipe bursts