നെഹ്റു പാർക്കിലെ കുട്ടികളുടെ കളിഉപകരണങ്ങൾ തകര്‍ന്നതിനാല്‍ ബോർഡ് വച്ചിരിക്കുന്നു.
തൃശൂർ: നഗരത്തിലെ പ്രധാന വിനോദകേന്ദ്രങ്ങളിലൊന്നായ നെഹ്റു പാർക്കിൽ കുട്ടികളുടെ കളിഉപകരണങ്ങളിൽ ഭൂരിഭാഗവും തകർന്നും തുരുന്പെടുത്തും അപകടാവസ്ഥയിൽ. കോടികൾ ചെലവഴിച്ച് ഒന്നിലധികം തവണ നവീകരിച്ച പാർക്കിൽ ഇന്ന് കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനാകുന്ന ഉപകരണങ്ങൾ വിരളം.
നാലുമുതൽ 12 വയസുവരെയുള്ള കുട്ടികൾ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടെയും പെയിന്റ് ഇളകി, ഇരുന്പുഭാഗങ്ങൾ തുരുന്പെടുത്ത്, സീറ്റുകളും മറ്റു ഭാഗങ്ങളും തകർന്ന നിലയിലാണ്.
ചിലയിടങ്ങളിൽ അപകടം എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ച് കുട്ടികൾ കളിതുടരുന്നത് അപകടത്തിലെത്തുമെന്ന് സന്ദർശകർ മുന്നറിയിപ്പുനൽകുന്നു.
കുട്ടികളുടെ ഡേഞ്ചർ സ്പോട്ട്
ഉൗഞ്ഞാലുകളുടെയും കറക്കുയന്ത്രങ്ങളുടെയും ഇരിപ്പിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ചില ഉൗഞ്ഞാലുകൾക്കു സീറ്റുമില്ല. രണ്ടുപേർക്ക് ഒരുമിച്ച് ആടാവുന്ന സ്വിംഗ് കസേരകളിൽ ഒന്നു തകർന്ന നിലയിലും ഫുട് പ്ലേറ്റുകൾ വളഞ്ഞും കേടായും കിടക്കുന്നു. സ്ലൈഡുകളിലേക്കുള്ള പടികൾ നനഞ്ഞ് വഴുക്കലാണ്.
റോപ് ലാഡറിനു മുന്നിൽ ചെളി നിറഞ്ഞതിനാൽ കുട്ടികൾ അപകടസാധ്യത അവഗണിച്ചാണ് കയറുന്നത്. മെറി-ഗോ-റൗണ്ടിന്റെ ഭാഗങ്ങൾ കയർകെട്ടി താത്ക്കാലിക അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. റോളർ സ്ലൈഡിന്റെ ഇരുവശങ്ങളിലുമുള്ള മെറ്റൽഭാഗങ്ങൾ മുഴുവൻ തുരുന്പെടുത്ത നിലയിലാണ്. സീസോകളിൽ ചിലതു പൂർണമായും തകർന്നതും ചിലത് കയർകെട്ടി താൽക്കാലികമായി ബന്ധിച്ചതുമാണ്. സീറ്റുകളിൽ അഴുക്കും പായലും പിടിച്ചിരിക്കുന്നു. അടർന്ന മൂലകൾ കുട്ടികൾക്ക് മുറിവേൽക്കാൻ ഇടയാക്കും. ചില ഉപകരണങ്ങൾ കട്ടിയുള്ള നാട കൊണ്ട് വരിഞ്ഞുകെട്ടിയിട്ടുണ്ട്. വളരെ കുറച്ച് ഉപകരണങ്ങളിൽ മാത്രമാണു ഭയമില്ലാതെ കളിക്കാനാവുന്നത്.
മുതിർന്നവരും ജാഗ്രത
മുതിർന്നവർക്കുള്ള ഇരിപ്പിടങ്ങൾ പലതും ചെളിയിലും കാടുകയറിയ നിലയിലുമാണ്. ചുറ്റും പുല്ലും പാഴ്ച്ചെടികളും വളർന്നതിനാൽ ഇഴജന്തുക്കളെയും ഭയക്കണം. മനോഹരമായിരുന്ന പുൽത്തകിടികളും ഉദ്യാനസസ്യങ്ങളും നശിച്ച് പാർക്കിന്റെ ആകർഷണീയത നഷ്ടപ്പെട്ടു.
ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഓപ്പണ്‍ ജിമ്മിലും ഉപകരണങ്ങൾക്കുചുറ്റും പുല്ലുവളർന്ന നിലയിലാണ്. ദിവസേന നൂറുകണക്കിന് കുട്ടികളും കുടുംബങ്ങളുമെത്തുന്ന പാർക്കിലാണ് അധികൃതരുടെ അനാസ്ഥ.
കോടികൾ ചെലവിട്ട നവീകരണം
കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ 2015-ൽ അഞ്ചുകോടി രൂപയുടെ നവീകരണപദ്ധതിയുടെ ഭാഗമായി അന്‍പതോളം കളിയുപകരണങ്ങൾ സ്ഥാപിച്ചു.
2018-ൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2.66 കോടി രൂപ ചെലവഴിച്ച് ശൗചാലയം, മ്യൂസിക്കൽ ഫൗണ്ടൻ, നടപ്പാത, പുൽത്തകിടി, സൈക്കിൾ-വാക്കിംഗ് ട്രാക്ക്, സോളാർ പാനൽ ഉൾപ്പെടെയുള്ള നവീകരണങ്ങളും നടന്നു. 2024ൽ വിനോദ സഞ്ചാരവകുപ്പിന്റെ 99.99 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
Tags : Nattuvishesham Districtnews Play