പ്രതീകാത്മക ചിത്രം
കൽപ്പറ്റ: 2003ൽ മുത്തങ്ങ വനത്തിൽ ഭൂസമരം നടത്തിയ ആദിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 31ന് വിധി പറയും.
ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ മുഖ്യപ്രതിയായ കേസാണ് തീർപ്പാക്കുന്നത്. കേസിൽ വിധി പറയുന്ന തീയതി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി അയൂബ്ഖാനാണ് വെളിപ്പെടുത്തിയത്. സിബിഐ വാദം പൂർത്തിയായ കേസിൽ പ്രതിഭാഗം വാദം ഇന്നലെയും തുടർന്നു. വിനോദിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് ആര് എന്നതിലെ അവ്യക്തതയിൽ ഊന്നിയാണ് പ്രതിഭാഗത്തിനായി ഹാജരായ അഡ്വ. ടി.എം. റഷീദ് വാദിച്ചത്. എല്ലാ സാക്ഷികളും 50 മീറ്റർ അകലെനിന്നാണ് സംഭവം കണ്ടെതെന്നത് അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രധാന സാക്ഷികളായ നാല് ഡിവൈഎസ്പിമാരും .303 റൈഫിൾ ഉപയോഗിച്ച് വെടിവയ്പ് നടത്തിയ പോലീസുകാരും പറഞ്ഞ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴിയും പോലീസ് ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ച് അന്തരിച്ച ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു "പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിൽ നടത്തിയ പരാമർശങ്ങളും കോടതിയുടെ പരിഗണനയിൽ പ്രതിഭാഗം കൊണ്ടുവന്നു.
വെടിവയ്പ്പിന് എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് അനുവാദം നൽകിയത് സംബന്ധിച്ച വൈരുധ്യങ്ങളും കോടതിക്ക് മുന്പിലെത്തി. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആദ്യ അനേഷണത്തിൽ രേഖപ്പെടുത്തിയ സാക്ഷിമൊഴികൾ കോടതിയിൽ സിബിഐ സമർപ്പിക്കാതിരുന്നത് കേസിലെ വസ്തുതകൾ മറച്ചുവയ്ക്കാനാണെന്നും അഭിഭാഷകൻ വാദിച്ചു. വാദം തിങ്കളാഴ്ച തുടരും.
Tags : NattuVishasham DistrictNews