ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ സ്ഥാനാർഥി കളായ ബിജി മോൾ, ഷബിത ബിജു, ചന്തു ചന്ദ്രൻ എന്നിവർ.
തിരുവനന്തപുരം: ജില്ലയിൽ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിൽ മുന്നണികൾ.
സീറ്റുകൾ നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും കരുക്കൾ നീക്കി മുന്നേറുന്ന കാഴ്ചയാണ് പല സ്ഥലങ്ങളിലും കാണുന്നത്. നിലമെച്ചപ്പെടുത്താനും സീറ്റുകൾ നേടാനും ബിജെപിയും രംഗത്തുണ്ട്. അഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാല് സീറ്റുകളും യുഡിഎഫിന്റേതും ഒരു സീറ്റ് എൽഡിഎഫിന്റേതുമാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ, വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷ ൻ, മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ്, തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമായിരുന്ന സുധീർഷാ പാലോട് നിയമസഭ തെരഞ്ഞെടുപ്പിൽ വാമനപുരത്തു നിന്നും വിജയിച്ച് എംഎൽഎ ആയ ഒഴിവിലാണ് കല്ലറ ഡിവിഷനിലേകക്കു മത്സരത്തിന് കളമൊരുങ്ങിയത്. സുധീർഷാ ജില്ലാ പഞ്ചായത്തിലേക്ക് 5500 -ൽ പരം വോട്ടിന്റെ ഭൂരിപപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് ആസന്നമായതോടെ സീറ്റ് നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും മികച്ച പോരാട്ടം നടത്താൻ ബിജെപിയും ശക്തമായി രംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയായി കോണ്ഗ്രസ് നേതാവ് അമി തിലകും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ യുടെ യുവജനവിഭാഗമായ എഐവൈഎഫ് നേതാവ് മാലിക് മാങ്കോടും ബിജെപി സ്ഥാനാർഥിയായി പി.ടി. രാജേഷുമാണ് മത്സര രംഗത്തുള്ളത്. നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ ഉൾപ്പെടുന്നതാണ് കല്ലറ ഡിവിഷൻ.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിലാണ് കടുത്ത മത്സരം നടക്കുന്ന മറ്റൊരു വാർഡ്. സിറ്റിംഗ് ബ്ലോക്ക് മെന്പറായിരുന്ന ബി.എസ്. അനൂപ് കോണ്ഗ്രസ് നേതാക്കളുമായി തെറ്റിപിരിഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതിനെ തുടർന്നു രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അഞ്ചുതെങ്ങ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മഹിള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷബിതാ ബിജുവും എൽഡിഎഫ് സ്ഥാനാർഥിയായി എസ്. ബിജിമോളും ബിജെപി സ്ഥാനാർഥിയായി ചന്തു ചന്ദ്രനുമാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാപാലിശ്വരത്ത് നിന്നും ഷബിതാ ബിജു മത്സരിച്ചിരുന്നു. എന്നാൽ ഒരു വോട്ടിനാണു പരാജയപ്പെട്ടത്. ബാലസംഘത്തിലൂടെ പ്രവർത്തനമാരംഭിച്ച ബിജിമോൾ ഡിവൈഎഫ്ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
യുവമോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് ചന്തു ചന്ദ്രൻ. വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷനിലെ ബ്ലോക്ക് മെന്പറായിരുന്ന എൽഡിഎഫിലെ സ്മിതാ സുന്ദരേശൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു ചേക്കേറി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ സ്ഥാനം രാജിവച്ചിരുന്നു. ആ ഒഴിവിലാണ് ഒറ്റൂർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് സംജാതമായത്.
ഒറ്റൂരിൽ എൽഡിഎഫ് സീറ്റ് നിലനിർത്താൻ ശക്തമായി രംഗത്തുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി പി. ബീനയും യുഡിഎഫ് സ്ഥാനാർഥിയായി എം. റീജയും ബിജെപി സ്ഥാനാർഥിയായി ആർ. ഷൈലയുമാണ് മത്സരരംഗത്തുള്ളത്.
മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു വാർഡ്. യുഡിഎഫിലെ എസ്.ആർ. കവിതയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നു പഞ്ചായത്തംഗമെന്ന പദവി രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ഇവിടെ പുതുതായി യുഡിഎഫ് സ്ഥാനാർഥി യായി അജന്ത ഷിജിയും എൽഡിഎഫ് സ്ഥാനാർഥിയായി രമ്യ തുളസിയും ബിജെപി സ്ഥാനാർഥിയായി ദിവ്യ ദിവാകരനുമാണ് മത്സരരംഗത്തുള്ളത്. നേരത്തെ 208 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എസ്.ആർ. കവിത വിജയിച്ചത്.
തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡിലെ യുഡിഎഫ് ജനപ്രതിനിധിയായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫ് സ്ഥാനാർഥിയായി സി.എസ്. സുനിലും എൽഡിഎഫ് സ്ഥാനാർഥിയായി അജികുമാറും ബിജെപി സ്ഥാനാർഥിയായി എസ്. വിജയകുമാറുമാണ് മത്സരരംഗത്തുള്ളത്.
Tags : District News Nattuvishesham Political alliances election battle