നിലംപൊത്താറായ ജലസംഭരണി.
തുറവൂർ: വയലാർ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കുടിവെള്ള ജലസംഭരണി ഏത് നിമിഷവും നിലംപതിക്കാവുന്ന അപകടാവസ്ഥയിൽ. പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടക്കുന്ന ജലസംഭരണി ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായിരിക്കെ ദുരന്തം സംഭവിച്ചശേഷം മാത്രമേ അധികൃതർ ഉണരുകയുള്ളുവോ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
1980-കളിൽ ശ്രീധരൻ വൈദ്യർ വയലാർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് ജലസംഭരണി നിർമിച്ചത്. പിന്നീട് ജപ്പാൻ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെ ഇത് ഉപയോഗശൂന്യമായി. എന്നാൽ 45 വർഷത്തോളമായി പഴക്കമുള്ള വാട്ടർടാങ്ക് പൊളിച്ചുനീക്കാൻ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സംഭരണിയുടെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. മുകൾഭാഗത്തും ചുറ്റുപാടുകളിലും വൻമരങ്ങൾ വളർന്നതോടെ അപകടസാധ്യത ഇരട്ടിയായിട്ടുണ്ട്. ചുറ്റുമതിൽ തകർന്നു വീണിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണിയോ സുരക്ഷാ ക്രമീകരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.
കാടുകയറിയ പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവും നിത്യസംഭവമായിട്ടുണ്ട്. ജലസംഭരണി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നേരത്തേ പ്രമേയം പാസാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിരുന്നു. ഭൂമി പഞ്ചായത്തിന് തിരികെ ലഭിച്ചിട്ടും നടപടികൾ മുന്നോട്ടുപോകാത്തത് ജനങ്ങളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസും വായനശാല മന്ദിരവും ജലസംഭരണിക്ക് തൊട്ടടുത്തായാണ് പ്രവർത്തിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലത്ത് അപകടഭീഷണി നിലനിൽക്കുമ്പോഴും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. സമീപത്തെ പഴയ ഓഫീസ് കെട്ടിടവും ജീർണാവസ്ഥയിലായതിനാൽ ആശങ്ക വർധിക്കുകയാണ്.
അതേസമയം, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എട്ടുപുരയ്ക്കൽ വാർഡിൽ പുതിയ ജലസംഭരണി സ്ഥാപിച്ച് പഞ്ചായത്തിലെ 17 വാർഡുകളിലേക്കും കുടിവെള്ള വിതരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പഴയ സംഭരണി ഇന്നും ദുരന്തഭീഷണിയായി തുടരുകയാണ്.
പഞ്ചായത്തിന്റെ മൂക്കിന് താഴെയുള്ള അപകടാവസ്ഥ പോലും പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങളുടെ സുരക്ഷ ആരാണ് ഉറപ്പാക്കുക എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. വലിയ ദുരന്തമുണ്ടാകുന്നതിന് മുമ്പ് പഴയ ജലസംഭരണി പൊളിച്ചുനീക്കി പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.