നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിനെ പച്ചടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ മധ്യത്തിൽ അപകടക്കെണിയൊരുക്കി കുഴി. പച്ചടി ജംഗ്ഷനില്നിന്ന് ഏതാനും മീറ്ററുകള് ദൂരെ പാതയുടെ കുറുകെ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് പൊട്ടിയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനു വാഹനങ്ങള് കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെട്ട് മാസങ്ങള് കഴിഞ്ഞിട്ടും അധികൃതര് നടപടി സ്വീകരിച്ചിട്ടില്ല.
അപകടം ഒഴിവാക്കാന് നാട്ടുകാര് കല്ലുകള് ഇട്ടതു മാത്രമാണ് ആകെ ചെയ്തിട്ടുള്ളത്. ഐഎച്ച്ആര്ഡി കോളജ്, സ്കൂള്, ആരാധനാലയങ്ങള് എന്നിവയെല്ലാം ഇവിടെയുണ്ട്. വീതി കുറഞ്ഞ റോഡില് തിരക്ക് അനുഭവപ്പെടുന്ന സമയം ഗര്ത്തം ഒഴിവാക്കി പോകാന് സാധിക്കാത്ത സ്ഥിതിയാണുള്ളത്. പൊട്ടിയ സ്ലാബ് മാറ്റി അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.