പ്രതീകാത്മക ചിത്രം
കാളികാവ്: ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ചികിത്സയും വൈദ്യുതി ഇല്ലാതായതോടെ താറുമാറായി. ഇ ഹെൽത്ത് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി ചികിത്സാ സംവിധാനങ്ങൾ ഉൾപ്പടെ പ്രവർത്തന രഹിതമായി. കുത്തിവയ്പ് നടപടികൾ അടക്കം നടക്കുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ഡോക്ടർമാരും രോഗികളും ജീവനക്കാരും വലഞ്ഞു.
രോഗികളുടെ ഒ. പി ടിക്കറ്റ്, ഡോക്ടറുടെ കുറുപ്പടികൾ, ലാബ് റിസൾട്ടുകൾ, മരുന്നുവിതരണം എല്ലാം കംപ്യൂട്ടറൈസ്ഡ് ആണ്. ഇ ഹെൽത്ത് സംവിധാനം വഴി ലിങ്ക് ആയതിനാൽ വൈദ്യുതി ഇല്ലാത്തതിനാൽ തകരാറിലായി
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രാധമിക ആശുപത്രിയായി തിരഞ്ഞെടുത്ത ഈ കുടുംബാരോഗ്യ കേന്ദ്രത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപിച്ച് പോയതല്ലാതെ ഇതുവരെ ഒരു സർവീസ് പോലും നടത്തിയിട്ടില്ല. ജനറേറ്റർ തകരാറിലായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും നന്നാക്കിയിട്ടില്ല. ഇടക്കിടെ കരണ്ട് പോകുന്നതോടെ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളെല്ലാം തകരാറിലാകുകയാണ്.
ബുധനാഴ്ച നടക്കുന്ന പ്രതിരോധ കുത്തിവയ്പ് സംവിധാനങ്ങളെല്ലാം മൊബൈൽ വെളിച്ചത്തിലാണ് നടന്നത്. ഒപി ടിക്കറ്റ് എഴുതി കൊടുക്കുകയാണ് ചെയ്തത്. ഈ കൗണ്ടറും പ്രവർത്തിച്ചത് മൊബൈൽ വെളിച്ചത്തിലാണ്. വൈദ്യുതി ഇല്ലാതായതോടെ നിത്യരോഗികൾക്ക് സ്ഥിരമായി നൽകുന്ന ചികിത്സയുടേയും മരുന്നുകളുടേയും വിവരങ്ങൾ ലഭ്യമല്ലാത്തത് കൂടുതൽ പ്രതിസന്ധിയിലായി.
പെടയന്താൾ - നാൽപത് സെനന്റ് റോഡിലെ വൈദ്യുതി പോസ്റ്റിലെ ഇൻസിനറേറ്ററുകൾ മാറ്റി സ്ഥാപിക്കുന്ന വലിയ പ്രവർത്തി നടന്നുവരികയാണ്. ഇതാണ് ആശുപത്രിയിൽ വൈദ്യുതി ഇല്ലാതാകാൻ കാരണം.
ബദൽ സംവിധാനം ഇല്ലാത്തതും ആശുപത്രിയുടെ പ്രവർത്തനത്തിന് വൈദ്യുതി അനിവാര്യമാണെന്നകാര്യവും പഞ്ചായത്ത് വൈദ്യുതി വകുപ്പിനെ അറിയിച്ചിട്ടില്ല എന്നതും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചു.
അടിയന്തരമായി ജനറേറ്റർ തകരാർ പരിഹരിക്കുകയോ, ജനറേറ്റർ താത്കാലികമായി വാടകയ്ക്ക് എത്തിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.