മണിക്കിണർ.
മലപ്പുറം: അധികാരത്തിന്റെയും തീരാത്ത വാശിയുടെയും ആത്മസമർപ്പണത്തിന്റെയും വീരകഥ പറയുന്ന മാമാങ്കം. നിളയുടെ തീരത്ത് നാവാമുകുന്ദന് മുന്നിലെ മണൽത്തരിയിൽ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ വീരചരിത്രങ്ങൾ... ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും സ്വന്തം നാടിന്റെ അഭിമാനം സംരക്ഷിക്കാൻ വാളും ചുരികയുമെടുത്ത് പോരിനിറങ്ങിയ ചാവേറുകളുടെ തിളക്കമാർന്ന അധ്യായമായാണ് മാമാങ്കം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
വർഷങ്ങളേറെ പിന്നിടുന്പോൾ മാമാങ്കത്തിന്റെ ചരിത്രസ്മരണകളും ഭാരതപ്പുഴയുടെ മനോഹാരിതയും ഒത്തുചേരുന്ന തിരുനാവായ-കുറ്റിപ്പുറം പ്രദേശങ്ങളെ കോർത്തിണക്കി വിപുലമായ ടൂറിസം പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം വീണ്ടും സജീവമായിരിക്കുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലെ ഒട്ടേറെ വിനോദസഞ്ചാര സാധ്യതകൾ കൂട്ടിയിണക്കി പുതിയ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ചരിത്രപ്രേമികളുടെയും പ്രദേശവാസികളുടെയും ആവശ്യം.
ഈയൊരു ഘട്ടത്തിലാണ് മാമാങ്കം സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഉന്നതതലത്തിൽ ചർച്ച ചെയ്തു പരിഹാരം കാണുമെന്ന് യുവജന ക്ഷേമ, കായിക, രജിസ്ട്രേഷൻ മന്ത്രി ഒ.ജെ. ജനീഷ് കഴിഞ്ഞദിവസം തിരുനാവായ മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കവേ വ്യക്തമാക്കിയത്.
മാമാങ്ക ഉത്സവം നടത്തണമെന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ആവശ്യത്തിൽ സാംസ്കാരിക വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദർശനവും അനുകൂല പ്രസ്താവനയും പ്രദേശത്തിന് പുതിയ പ്രതീക്ഷ നൽകുകയാണ്.
വള്ളുവനാട്ടിലെ ചാവേറുകൾ സാമൂതിരിക്കെതിരേ പടപൊരുതിയ മാമാങ്കത്തിന്റെ ചരിത്രശേഷിപ്പുകൾ തിരുനാവായയിൽ ഇപ്പോഴും കാണാം. തിരുനാവായയിൽനിന്ന് ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മണിക്കിണർ മാമാങ്കത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്.
സാമൂതിരിയുടെ കാലത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിൽ കൊല്ലപ്പെടുന്ന ചാവേറുകളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിൽ ഇട്ട് ആനകളെ ഉപയോഗിച്ച് ചവിട്ടിത്താഴ്ത്തിയിരുന്നു. മാമാങ്കത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മണിക്കിണർ ഇന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു.
പടയാളികളുടെുറിവുണക്കിയ "മരുന്നറ’ എന്നിവ ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടുകയും പ്രദർശിപ്പിക്കപ്പെടുകയും ചെയ്താൽ വലിയൊരു ചരിത്രപഠനകേന്ദ്രമായി ഈ പ്രദേശം മാറും.
ഇതിനുപുറമേ, പുരാതനമായ നാവാമുകുന്ദ ക്ഷേത്രവും ഭാരതപ്പുഴയോരത്തെ ബലിതർപ്പണ ഘട്ടങ്ങളും ആത്മീയ ടൂറിസത്തിന് വലിയ സാധ്യത നൽകുന്നു. പുലർകാലത്ത് പൂത്തുനിൽക്കുന്ന ഈ പ്രദേശത്തെ താമരപ്പാടങ്ങൾ കാണാൻ നിത്യേന നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
തിരുനാവായയിൽനിന്ന് അധികം അകലെയല്ലാതെ ഭാരതപ്പുഴയുടെ മനോഹരമായ കാഴ്ചയൊരുക്കുന്ന കുറ്റിപ്പുറവും സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. മഹാകവി ഇടശേരിയും വള്ളത്തോളും കവിതകളിൽ അമരമാക്കിയ നിളയുടെ പൂർണരൂപം കുറ്റിപ്പുറം പാലത്തിന് മുകളിൽനിന്നാൽ ദൃശ്യമാകും. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാനും നിളയോരത്തെ കുളിർകാറ്റേൽക്കാനും നിള പാർക്കിലും പാലത്തിന് സമീപത്തും ധാരാളം ആളുകൾ തടിച്ചുകൂടുന്നുണ്ട്.
തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഉന്നതതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന മന്ത്രി ഒ.ജെ. ജനീഷിന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജനങ്ങൾ.
ആവശ്യം സമഗ്രമായ ടൂറിസം പദ്ധതി
തീരത്തെ പ്രകൃതിസൗന്ദര്യവും ചരിത്രപ്രാധാന്യവും ഇത്രയേറെ ഉണ്ടായിട്ടും തിരുനാവായ-കുറ്റിപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒൗദ്യോഗിക ടൂറിസം സർക്യൂട്ട് പൂർണതോതിൽ ആയിട്ടില്ല. മന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം, സാംസ്കാരിക വകുപ്പുകൾ ചേർന്ന് ഈ മേഖലയ്ക്ക് അനുയോജ്യമായ പദ്ധതികൾ ഉടൻ നടപ്പാക്കണമെന്നാണ് നാടിന്റെ ആവശ്യം.
ചരിത്രശേഷിപ്പുകൾ കൃത്യമായി സംരക്ഷിച്ച് ചരിത്രം വിശദീകരിക്കുന്ന ഗൈഡഡ് ടൂറുകൾ സജ്ജമാക്കുക, തിരുനാവായയിൽനിന്ന് കുറ്റിപ്പുറത്തേക്ക് നിളയിലൂടെ ബോട്ട് സർവീസുകളും വാട്ടർ ടാക്സികളും ആരംഭിക്കുക, സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്ന സഞ്ചാരികൾക്കായി പാർക്കിംഗ്, ലഘുഭക്ഷണശാലകൾ, ശുചിമുറികൾ, സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തുക തുടങ്ങിയവ സാധ്യമായ കാര്യങ്ങളാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികളാണ് ആവശ്യം.