Minister Abdul Gafoor
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ ആവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു.
കളമശേരി നിയോജകമണ്ഡലം യുഡിഎഫ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫാക്ടിന്റെ നിലവിലെ പ്രതിസന്ധി മുഖ്യമന്ത്രി വി.ഡി. സതീശനുമായി വിശദമായി ചർച്ച ചെയ്തതായും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി അബ്ദുൾ ഗഫൂർ അറിയിച്ചു.
ഫാക്ട് സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ ജനാധിപത്യ മാർഗങ്ങളും ഉപയോഗപ്പെടുത്തി പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ അധ്യക്ഷത വഹിച്ചു.