തൊടുപുഴ: വിലക്കയറ്റവും തൊഴിലാളി ക്ഷാമവും നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നു ചരക്ക് നീക്കം നിലച്ചതും ഇന്ധനവില വര്‍ധനയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താതെ വന്നതും നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കി.
നിര്‍മാണ സാമഗ്രികള്‍ക്ക് 10 മുതല്‍ 15 ശതമാനംവരെ വിലവര്‍ധിച്ചു. ടാറ്റയുടെ കമ്പിക്ക് കിലോയ്ക്ക് 83 രൂപയാണ് നിലവില്‍ വില. നേരത്തേ 87 രൂപയിലേക്ക് ഉയര്‍ന്ന വില സമീപദിവസങ്ങളില്‍ മൂന്നു രൂപ കുറഞ്ഞാണ് 83ലേക്ക് എത്തിയത്.
ചെമ്പിന്റെ വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായി. 10 മുതല്‍ 15 ശതമാനംവരെ വിലയാണ് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്കു വര്‍ധിച്ചത്. വയറിംഗിന് ഉപയോഗിക്കുന്ന കേബിള്‍ ഒരു റോളിന് 1650 രൂപയില്‍നിന്നു 1800-1850 രൂപയിലേക്ക് ഉയര്‍ന്നു.
പിവിസിയുടെ വിലവര്‍ധന പ്ലംബിംഗ് ഉത്പന്നങ്ങള്‍ക്കും വില ഉയാന്‍ കാരണമായിട്ടുണ്ട്. വിലക്കയറ്റംമൂലം നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനിടെ തൊഴിലാളിക്ഷാമം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോയ തൊഴിലാളികള്‍ ഭൂരിഭാഗം പേരും തിരികെ എത്തിയിട്ടില്ല. നിര്‍മാണമേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് കൂടുതല്‍പേരും.
വിലക്കയറ്റവും തൊഴിലാളിക്ഷാമവും നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലാക്കിയതോടെ 30 ശതമാനംവരെ കച്ചവടം കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. തൊഴിലാളികള്‍ തിരിച്ചെത്തിയാലും ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധന സാധാരണക്കാരെ നിര്മാണമേഖലയില്നിന്നു പിന്തിരിപ്പിച്ചിരിക്കുകയാണ്. ഇതു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനും കാരണമായേക്കും.