പാലമറ്റം ചീക്കോട് താഴ്ചയിലേക്ക് മറിഞ്ഞ കാർ.
റോഡിന് സംരക്ഷണ ഭിത്തി ഉണ്ടായിരുന്നില്ല
കോതമംഗലം: പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന വൈദികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലമറ്റം - നേര്യമംഗലം റോഡിൽ ചീക്കോട് ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം.
പത്ത് അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിന്റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. റോയിയെ കാറിന് പുറത്തെത്തിച്ചു. കന്നുകാലിയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് അപകടം നേരിൽക്കണ്ട നാട്ടുകാർ പറഞ്ഞു. പെരിയാര്‍വാലിയുടെ ക്യാച്ച്മെന്റ് ഏരിയയില്‍ വെള്ളം ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
കുറ്റിക്കാട്ടില്‍ തങ്ങി നിന്നതിനാലാണ് കാര്‍ തോട്ടിലേക്ക് മറിയാതിരുന്നത്. റോഡിന് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതും വാഹനം താഴ്ചയിലേക്ക് മറിയാൻ കാരണമായി.
ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയർത്തിയെടുത്തു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്.
പാലമറ്റം മുതൽ ആവോലിച്ചാൽ വരെ ഇത്തരത്തിൽ റോഡിൽ കന്നുകാലി ശല്യമുണ്ട്. കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ മൈക്കിൽ അനൗൺസ്മെന്റ് നടത്തിയും നോട്ടീസ് പുറപ്പെടുവിച്ചും അറിയിപ്പ് നൽകിയെങ്കിലും പലരും അവഗണിക്കുകയാണ് ഉണ്ടായത്. അപകടം ഉണ്ടായ സാഹചര്യത്തിൽ നടപടി ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Priest injured