പ്രതീകാത്മക ചിത്രം
വൈറ്റില: ബസ് ഇടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി സ്വകാര്യ ബസുകാരുടെ ക്രൂരത. കുമ്പളം കൊപ്പറമ്പിൽ കെ.പി. രവീന്ദ്രനാണ് (67) കൈകാലുകൾ ചലിപ്പിക്കാൻ പറ്റാത്തവിധം പരിക്കേറ്റത്.
എളംകുളം മെട്രോ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. മത്സരയോട്ടം നടത്തി വരികയായിരുന്ന ബസുകളിൽ ഒന്നാണ് രവീന്ദ്രനെ തട്ടിയിട്ടത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ ബസ് മുന്നിലേയ്ക്ക് മാറ്റി നിർത്തി, ഓടിക്കൂടിയ ആളുകൾ രവീന്ദ്രനെയും സ്കൂട്ടറും റോഡരികിലേയ്ക്ക് മാറ്റുകയായിരുന്നു. പിൻ ചക്രത്തിനടിയിൽപ്പെടാതിരുന്നതും തൊട്ടു പിന്നാലെ വരികയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതും കൊണ്ടാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്.
ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ ബസുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിക്കാതെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കിഴക്കേക്കോട്ടയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച് ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോഴേയ്ക്കും ബസുകാർ മുങ്ങി. തോർത്ത് വിൽപ്പന കൊണ്ട് ജീവിതം പുലർത്തുന്ന രവീന്ദ്രൻ, തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ച ബസുകാർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നാവശ്യപ്പെട്ട് പനങ്ങാട് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.