കോട്ടയം: കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്ര പദ്ധതിയായ പ്രിയദര്‍ശിനി പ്രാബല്യത്തിലായതോടെ ജില്ലയിലെ സ്വകാര്യ ബസുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കെഎസ്ആര്ടിസിയുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ദിവസനേയുള്ള നഷ്ടം വര്‍ധിച്ചുവരികയാണ്. വരുമാനത്തില്‍ കുറവുണ്ടായെന്നു ചൂണ്ടിക്കാട്ടി സ്വകാര്യബസുകള്‍ എട്ടിനു ജില്ലയിലും സമീപ ജില്ലകളിലും സര്‍വീസ് നിര്‍ത്തിവച്ചു പ്രതിഷേധിക്കും. എട്ടിനു രാവിലെ ജില്ലാ കളക്ട്രേറ്റിലേക്കു നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ മുഴുവന്‍ സ്വകാര്യബസ് ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും.
ജില്ലയില്‍ പ്രിയദര്‍ശിനിക്കൊപ്പം സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ദിവസേന നഷ്ടം 5000 രൂപയോളമാണ്. വര്‍ധിച്ച ഡീസല്‍ വില, തൊഴിലാളികളുടെ കൂലി, ബസിന്റെ അറ്റകുറ്റപ്പണികള്‍, തുടങ്ങി ചെലവുകള്‍ക്കായി ഉടമ പണം വേറെ രീതിയില്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. കോവിഡ് കാലത്തിനു മുമ്പു സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ എണ്ണം നാലായിരുന്നു. ഡ്രൈവര്‍, കണ്ടക്ടര്‍, രണ്ട് ഡോറുകളിലും ക്ലീനര്മാരുമുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഡോര്‍ ക്ലീനര്‍മാര്‍ ഒന്നായി കുറഞ്ഞു. ചില ബസുകളില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമാണുള്ളത്.
സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത പ്രതിസന്ധിയില്‍ ജില്ലയില്‍ 16 ബസുടമകളാണ് ജി ഫോം നൽകിയിരിക്കുന്നത്. ഈ ബസുകളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോട്ടോര്‍ വാഹനവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കും.
സ്വകാര്യ ബസുകളുടെ സമയക്രമത്തില്നിന്നു വലിയ വ്യത്യാസമില്ലാതെ പ്രിയദര്‍ശിനി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ പലപ്പോഴും സ്വകാര്യ ബസുകളില്‍ ഒരു സ്ത്രീ യാത്രക്കാരി പോലുമില്ലാത്ത സാഹചര്യവുമുണ്ട്. സ്വകാര്യബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന കോട്ടയം, കഞ്ഞിക്കുഴി, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍ റൂട്ടില്‍ മാത്രമാണ് സ്വകാര്യ ബസുകള്‍ക്കു സ്ത്രീ യാത്രക്കാരുടെ പക്കല്‍നിന്നു കാര്യമായ തോതില്‍ കളക്ഷന്‍ ലഭിക്കുന്നത്.
ഇതേ റൂട്ടില്‍ മണര്‍കാട് മുതൽ കിടങ്ങൂര്‍ വരെ മാത്രമാണ് കൂടുതലായി വനിതകള്‍ കയറുന്നത്. കോട്ടയത്തുനിന്ന് മണര്‍കാട് വരെ കെകെ റോഡിലൂടെ യുള്ള പ്രിയദര്‍ശിനി ബസുകളും കിടങ്ങൂരില്‍നിന്ന് പാലാ, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയിലുടെ വരുന്ന പ്രിയദര്‍ശിനി ബസുകളും ലഭിക്കുമെന്നതിനാല്‍ സ്ത്രീകള്‍ അവയെയാണ് ആശ്രയിക്കുന്നത്.
കോട്ടയം-ഏറ്റുമാനൂര്‍, ചങ്ങനാശേരി, ചേര്‍ത്തല, കുമളി, മല്ലപ്പള്ളി-കോഴഞ്ചേരി, ഏറ്റുമാനൂര്‍ - പാലാ, പാലാ - പൊന്‍കുന്നം, വൈക്കം - പാലാ, വൈക്കം - എറണാകുളം തുടങ്ങിയ റൂട്ടുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വരെ കുറവുണ്ടായതായി സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. കോട്ടയം- എറണാകുളം റൂട്ടിലാണ് സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കുന്നത്.
നിരവധിത്തവണ സ്വകാര്യ ബസുടമകള്‍ സംഘടനകളുടെ നേതൃത്വത്തില്‍ മു
ഖ്യമന്ത്രി, ഗതാഗത മന്ത്രി, ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ടു നിവേദനങ്ങള്‍ ഉള്‍പ്പെടെ നൽകിയിട്ടും അനുകൂലമായ യാതൊരു നടപടികളുമുണ്ടായിട്ടില്ല. കിലോമീറ്ററിന് 55 രൂപ നിരത്തില്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്ത് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തണമെന്ന് ബസുടമകളുടെ ആവശ്യത്തോടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ജില്ലയിലെ പല റൂട്ടുകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. ഈ റൂട്ടുകളിലൂടെ വാടകയ്ക്കെടുക്കുന്ന സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി സര്‍ക്കാര്‍ തന്നെ കാര്യമായ ലാഭമുണ്ടാക്കിക്കോട്ടയെന്നാണ് ബസുടമകളുടെ നിലപാട്. ഇതോടെ ഇവിടങ്ങളിലെയും സ്ത്രീകള്‍ക്കു സൗജന്യത്തിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. കിലോമീറ്ററിന് 55 രൂപ വാടക മാത്രം നല്കിയാല് മതിയെന്നും മറ്റു ചെലവുകളെല്ലാം ബസുടമകള്‍ നോക്കിക്കൊള്ളാമെന്നു പറഞ്ഞിട്ടും സര്‍ക്കാര്‍ അനുകൂലമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
പരിഹാരമല്ല നികുതിയിളവ്
രാവിലെയും വൈകുന്നേരവും ഒഴികെയുള്ള സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ട്രിപ്പുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് സ്വകാര്യ ബസുകള്‍. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഭയന്ന് പലരും നഷ്ടം സഹിച്ച് സര്‍വീസ് നടത്തുകയാണെന്നും ഉടമകള്‍ പറയുന്നു. സര്‍ക്കാര്‍ നല്കിയ 50 ശതമാനം നികുതിയിളവ് മതിയായ ആശ്വാസമല്ലെന്നും ദിവസേന ലഭിക്കുന്ന ഏകദേശം 130 രൂപയുടെ ഇളവ് ആയിരക്കണക്കന് രൂപയുടെ നഷ്ടത്തിന് പരിഹാരമാകില്ലെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രിയദര്‍ശിനി സര്‍വീസുകള്‍ കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസുകള്‍. സൗജന്യയാത്രാ പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസ് നടത്തിക്കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണെന്നും ജില്ലയിലെ മിക്ക റൂട്ടുകളിലും വലിയ വരുമാന നഷ്ടമാണുണ്ടായിരിക്കുന്നതെന്നും ഉടമകള്‍ പറയുന്നു.
Tags : Nattuvishesham District news