പത്തനംതിട്ടയിൽ സ്വകാര്യ ബസുടമ, തൊഴിലാളി സംയുക്ത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാൻ ക
പത്തനംതിട്ട: ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കി. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചതിനു പിന്നാലെ നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
ജില്ലയിൽ സ്വകാര്യ ബസുകളൊന്നും ഇന്നലെ ഓടിയില്ല. ഇതോടെ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലും ഉൾപ്രദേശങ്ങളിലും യാത്രാ ക്ലേശം രൂക്ഷമായിരുന്നു.
വിദ്യാർഥികളും ജീവനക്കാരും അടക്കം വലഞ്ഞു. സംസ്ഥാന പാതകളിലൂടെ കൂടുതൽ ട്രിപ്പുകൾ അയച്ചെങ്കിലും ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ അയയ്ക്കാൻ കെഎസ്ആർടിസിക്കും കഴിഞ്ഞില്ല.
പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളി, കൊടുമൺ വഴി അടൂർ, ആറന്മുള വഴി ചെങ്ങന്നൂർ, പന്തളം, റാന്നി - മല്ലപ്പള്ളി, റാന്നി - വടശേരിക്കര, റാന്നി - ചെറുകോൽപ്പുഴ - കോഴഞ്ചേരി റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഉണ്ടായിരുന്നില്ല.
ഉടമകളും തൊഴിലാളികളും കളക്ടറേറ്റ് മാർച്ച് നടത്തി
സ്വകാര്യബസ് പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാൻ മുൻമന്ത്രി കടകംപള്ളി സുരന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി യാതൊരു പ0നവും നടത്താതെയാണ് സർക്കാർ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആവിഷ്കരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യബസുകളെക്കൂടി ഉൾക്കൊള്ളിക്കണമെന്ന് ബസുടമാ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു . കിലോമീറ്ററിന് 55 രൂപ വാടക നൽകി സ്വകാര്യ ബസുകൾകൂടി ഏറ്റെടുക്കണം. അർഹതയുള്ളവർക്ക് മാത്രമായി സൗജന്യയാത്രാ പദ്ധതി നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് മാർച്ച് ആരംഭിച്ചു . ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഹെവി മോട്ടോർ ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. എസ്. ശശി മുഖ്യപ്രഭാഷണം നടത്തി.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു, ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വേണു കെ. നായർ. കെ. പി. ഉദയഭാനു, പി. ബി. ഹർഷകുമാർ, എ. എസ് രഘുനാഥ്, ആർ. മനു , കെ. കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.