പ്രതീകാത്മക ചിത്രം
കട്ടപ്പന: ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്പെന്‍സറി ഇരട്ടയാറിലേക്ക് മാറ്റിയ പഞ്ചായത്തിനെതിരേ ഈട്ടിത്തോപ്പ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിന്. 16ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവില്‍ ഉദ്ഘാടനംചെയ്യും. നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറി കഴിഞ്ഞദിവസമാണ് ഇരട്ടയാര്‍ ടൗണിലെ കെട്ടിടത്തിലേക്കു മാറ്റിയത്.
നാട്ടുകാരെയോ പഞ്ചായത്തംഗത്തെയോ അറിയിക്കാതെയായിരുന്നു നീക്കം. ഇരട്ടയാര്‍, വാത്തിക്കുടി, നെടുങ്കണ്ടം പഞ്ചായത്തുകളിലെ രോഗികള്‍ ഇവിടെ ചികിത്സതേടിയിരുന്നു. കെട്ടിടം പ്രവര്ത്തനക്ഷമമല്ലെന്നുകാട്ടിയാണ് ഇരട്ടയാറിലേക്ക് മാറ്റിയത്. പകരം കെട്ടിടം കുറഞ്ഞ വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ച് നാട്ടുകാര്‍ രണ്ടുമാസംമുമ്പ് കത്ത് നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് കമ്മിറ്റിയില്‍ പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തില്ല.
മെഡിക്കല്‍ ക്യാമ്പിന് കൊണ്ടുപോകുകയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇവിടെനിന്നു മരുന്നുകള്‍ കടത്തി. 42 വര്‍ഷംമുമ്പ് നാട്ടുകാര്‍ പിരിവെടുത്ത് സ്ഥലംവാങ്ങി നിര്‍മിച്ച കെട്ടിടമാണ് പഞ്ചായത്തിന് വിട്ടുനല്‍കിയത്. സ്ഥാപനം മാറ്റാന്‍ നീക്കം നടക്കുന്നതായി വ്യക്തമായതോടെ, 500 പേര് ഒപ്പിട്ട നിവേദനം എംഎല്‍എയ്ക്കു നല്‍കിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ സ്ഥാപനം മാറ്റില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. പ്രതിദിനം 70 പേര് വരെ ഇവിടെ ചികിത്സതേടിയിരുന്നു.
ഡിസ്പെന്‍സറി മാറ്റിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ശ്രീകാന്ത് പെങ്ങാട്ട്തെക്കേല്, ബെന്നി കുഴികോടിയില്‍, രാജന് വെള്ളാപ്പള്ളി, സോജന് മാളിയേക്കല്‍, മിനി പ്രതീഷ്, ആനന്ദ് സുനില്‍കുമാര്‍, മിനി സുകുമാരന്‍, ജിഷ ഷാജി, ഷാജി പുളിക്കത്തൊട്ടിയില്‍ എന്നിവര്‍ പറഞ്ഞു.
Tags : District News Nattuvishesham Protest Homoeo Dispensary