റോഡില്‍ വാഴവച്ച് പ്രതിഷേധിച്ചപ്പോള്‍.
ഭരണങ്ങാനം: പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന നായ്ക്കാന- കാഞ്ഞിരമറ്റം- വേഴാങ്ങാനം റോഡ് ഒരു വര്‍ഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ടു. നിരന്തരം പരാതികള്‍ കൊടുത്തിട്ടും അധികാരികള്‍ യാതൊരു അനുകൂല നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ സ്കൂളുകളിലെ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായ സ്ഥിതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഒരു വര്‍ഷം മുമ്പ് ടാറിംഗിനാണെന്ന് പറഞ്ഞ് 20 വീപ്പകളിലായി കെമിക്കല്‍ അടങ്ങിയ പശ റോഡിന്റെ സൈഡില്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ അത് പൊട്ടിയൊഴുകി കാഞ്ഞിരമറ്റം തോട്ടിൽ പരക്കുകയാണ്. ഈ തോടിന്റെ സൈഡിലാണ് ജലനിധിയുടെ കിണര്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികള്‍ ഈ ജലമാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്.
ആളുകളുടെ ജീവനുതന്നെ ഭീഷണിയാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് അധികാരികള്‍ ഇടപെട്ട് എത്രയും പെട്ടെന്നു റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് കടക്കുമെന്നു നാട്ടുകാര്‍ മുന്നറിപ്പ് നല്കി.
Tags : road NattuVishasham DistrictNews