കൊല്ലം : ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽ കരുന്നമ്പ്ര ഏലയിലേക്കു പത്തടി വീതിയിലുണ്ടായിരുന്ന പൊതുവഴി പ്രദേശവാസി അതിർത്തികെട്ടി കൈയേറിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉത്തരവിട്ടു.
കൈയേറ്റം നടന്ന വഴി പഞ്ചായത്തിലെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൈയേറ്റത്തെ കുറിച്ചു വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ ലഭ്യമല്ല. അതേസമയം പരാതിക്കാരൻ കൈയേറ്റത്തെകുറിച്ചു വില്ലേജ് ഓഫീസർക്കും ആർഡിഒക്കും പരാതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പരാതിയിൽ ആരോപിക്കുന്ന കൈയേറ്റത്തെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. അഞ്ചൽ സ്വദേശി ബി.മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും. പൊതുവഴിയുടെ സമീപം 30 സെന്റ് വസ്തു സ്വന്തമായുള്ള വ്യക്തിയാണ് അതിർത്തി കെട്ടിയടച്ചതെന്നു പരാതിക്കാരൻ പറഞ്ഞു.
Tags : nattu vishesham Public road blocked