കോട്ടയം മെഡിക്കൽ കോളജിൽ സംസ്ഥാനത്തെ ആദ്യ സമഗ്ര തൃതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
കോട്ടയം: സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംസ്ഥാനത്തെ ആദ്യ സമഗ്ര തൃതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മുഖേന വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതു ചില കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണത്തിനു പിന്നില്‍ ചിലരുടെ ഗൂഢലക്ഷ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജിലെ തൃതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം സമീപ ജില്ലകളിലെ രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായകമാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കല്‍ കോളജ് വികസനത്തിന്റെ പുതിയ വഴിത്താരയിലാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജലവിഭവ-ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. നാട്ടകം സുരേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോന് കരീമഠം, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. വൈശാഖ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ബ്ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ബാബു, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹീമോഫീലിയ സൊസൈറ്റി ഓഫ് ഇന്ത്യ കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് കെ.കെ. കുഞ്ഞിനെ ആരോഗ്യമന്ത്രി ആദരിച്ചു.
Tags : Nattuvishesham DistrictNews