കുറവിലങ്ങാട്: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുള്ള സൂര്യകാന്തി പ്പാടം കാണാൻ കോഴായിലേക്ക് ആരും പോരേണ്ട. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ ഇത്തരത്തിൽ ഒരു കാഴ്ചഭംഗി ഒരിക്കലും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.
കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ ആയിരക്കണക്കിന് സൂര്യകാന്തി പൂത്തുലത്ത് നിൽക്കുന്ന കാഴ്ച യാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ജില്ലാ കൃഷിത്തോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് സൂര്യകാന്തി കൃഷി ഒരുക്കാനുള്ള പരിശ്രമം നടത്തിയത്. ഇപ്പോൾ പ്രചരിക്കുന്നതിന്റെ ചെറിയൊരു അംശം സൂര്യകാന്തിച്ചെടികൾ മാത്രമാണ് അന്നു വളർന്നത്.
കൃഷിത്തോട്ടത്തിലെ മണ്ണിന്റെ ഘടനയനുസരിച്ച് സൂര്യകാന്തിപ്പാടത്തിന് കാര്യമായ മികവ് സമ്മാനിക്കാൻ കഴിയുകയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് ജില്ലാ കൃഷിത്തോട്ടത്തിലേതെന്ന പേരിലുള്ള വീഡിയോ പ്രചരിക്കുന്നത്.
Tags : Nattuvishesham DistrictNews