വിജയികളായ എഎംയുപിഎസ് പൂവത്താണി ടീം.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഉപജില്ലയുടെ ചരിത്രത്തിലാദ്യമായി എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ മാമാങ്കത്തിന് ആവേശകരമായ സമാപനം. യുവ ടീച്ചേഴ്സ് ക്ലബ് പെരിന്തല്‍മണ്ണ സംഘടിപ്പിച്ച "യുവ ലിറ്റില്‍ ചാമ്പ്സ് കപ്പ് 2026' സബ്ജില്ലാതല ഫുട്ബോള്‍ ടൂര്‍ണമെന്റ് പാലൊളിപറമ്പ് ടര്‍ഫിലാണ് നടന്നത്. കുട്ടികളിലെ കായികവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനുമായി നടപ്പാക്കിയ ആശയം ഉപജില്ലയിലെ പ്രമുഖ സ്കൂളുകളുടെ പങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധേയമായി.
കളിക്കളത്തില്‍ കുട്ടിതാരങ്ങള്‍ കാഴ്ചവച്ച മികച്ച പോരാട്ടവീര്യവും കളിമികവും കാണികളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ നെഞ്ചിടിപ്പോടെ കണ്ടുനിന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ എഎംയുപിഎസ് പൂവത്താണി അവിസ്മരണീയമായ വിജയത്തോടെ കിരീടത്തില്‍ മുത്തമിട്ടു.
മികച്ച പ്രകടനം കാഴ്ചവച്ച എയുപിഎസ് ചെമ്മല റണ്ണേഴ്സ് അപ്പ് ട്രോഫിയും എഎംഎല്‍പിഎസ് എടത്തറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ട്രോഫികളും സമ്മാനങ്ങളും ആക്സസ് ക്രെഡിറ്റ് കോ-ഓപറേറ്റീവ് ചെയര്മാന് ആരിഫ് മുഹമ്മദ്, യുവ ടീച്ചേഴ്സ് ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.